എന്താണ് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നത് ? ഇടിവെട്ടിയുള്ള മരണമോ റോഡപകടത്തിലുള്ള മരണമോ? പാമ്പുകടി ഏൽക്കുന്നതോ ഭക്ഷ്യ വിഷബാധ ഏൽക്കുന്നതോ വിമാനാപകടത്തിൽ പെടുന്നതോ, കാറപകടത്തിന് ഇരയാവുന്നതോ? മിക്കവാറും പേർ ഭയക്കുന്നത് ആദ്യം പറഞ്ഞതിനെയാകും. എന്നാൽ വാസ്തവം എന്താണ്? നമ്മളോരോരുത്തരും റോപകടത്തിൽ മരണപ്പെടാനുള്ള സാദ്ധ്യത അത്ര ചെറുതല്ല.
ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഭീകരവാദം മൂലമുണ്ടാകുന്ന അത്യാഹിതങ്ങളെക്കാൾ എത്രയോ മടങ്ങ് അധികമാണ് കേരളത്തിൽ റോഡപകട മരണങ്ങൾ. എന്നാൽ എല്ലാവരും കൂടുതൽ ഭയപ്പെടുന്നത് ഭീകരവാദത്തെയാണ് എന്നതാണ് വസ്തുത.
സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ നാം കൂടുതൽ ഭയക്കുന്നത് പാമ്പുകടിയെ ആണ്. ഏറ്റവും സുരക്ഷിതമായ യാത്രമാർഗമാണ് വിമാനം. എന്നാൽ നാമെല്ലാവരും ഒാരോതവണ വിമാനത്തിൽ കയറുമ്പോഴും ചെറുതായൊന്ന് ഭയക്കുന്നു. ഇത് ഒരു പരിധിവരെ സ്വാഭാവികമാണ്. അസാധാരണമായതിനെ നമ്മൾ ഭയക്കുന്നു. അത് നമ്മുടെ ജീനുകളിൽ ഉള്ളതാണ്. കാരണം നമ്മുടെ പൂർവികർ തികച്ചും സുരക്ഷിതത്വമില്ലാത്ത പരിസ്ഥിതിയിലാണ് ജീവിച്ചിരുന്നത്. ഒാരോ പുതിയ അനുഭവവും ഒരുപക്ഷേ അപകടത്തിലേക്ക് നയിക്കുന്നവ ആയിരുന്നേക്കാം. അതുകൊണ്ട് പുതിയ അനുഭവങ്ങളെ സൂക്ഷിച്ചു സമീപിക്കുന്ന തരത്തിൽ നമ്മളെ പാകപ്പെടുത്തുന്ന ജീനുകൾ ഉള്ളവർക്ക് അതിജീവനത്തിനുള്ള കഴിവ് കൂടുതൽ ഉണ്ടായിരുന്നിരിക്കാം. അവരുടെ പിന്തുടർച്ചക്കാരായ നമുക്കും അതേ സ്വഭാവം കിട്ടിയതിൽ അത്ഭുതമില്ല.
നിരന്തരം പരിചയമുള്ള ഒരു പ്രവൃത്തിയുടെ അപകട സാധ്യത തിരിച്ചറിയണമെങ്കിൽ അത് നമ്മുടെ ഇന്റ്യൂഷനു വിരുദ്ധമാണ്. കൗണ്ടർ ഇന്റ്യൂറ്റീവ് എന്ന് ഇംഗ്ളീഷിൽ പറയുന്ന അവസ്ഥ. അത് ശരിയായി വിശകലനം ചെയ്യണമെങ്കിൽ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു ചിന്താപദ്ധതി ആവശ്യമാണ്. അത് ജന്മനാ ഉണ്ടാകുന്നതല്ല. ഇതിനൊരു മറുവശവുമുണ്ട്. നമ്മൾ ഒരു നിസഹായാവസ്ഥയിൽ പെടുമ്പോൾ മാറാരോഗമോ മറ്റോ പിടിപെട്ടാൽ, നാം ഡോക്ടറെ സമീപിക്കും. പക്ഷേ ഒരുപാടു ബിരുദങ്ങളും ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച് പരിചയവുമുള്ള അവരെ അപേക്ഷിച്ച് നാം ആരോ പറഞ്ഞറിഞ്ഞ് ഒരു ചികിത്സാപദ്ധതിയിലും ബിരുദമില്ലാത്ത ഒരു സിദ്ധനെയോ, യോഗിയെയോ സമീപിച്ചെന്നിരിക്കും. അവർ പറയുന്ന വിചിത്രമായ ചികിത്സാരീതികൾ സ്വീകരിക്കും. മീൻ തൊണ്ട തൊടാതെ വിഴുങ്ങുന്നതും മൂന്നുനേരം ആട്ടിറച്ചിയും ചോറും മാത്രം കഴിച്ച് വെള്ളം കുടിക്കാതെ ഒരാഴ്ചയിലധികം കഴിയുന്നതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്തുകൊണ്ടാണ് ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ലാത്ത ചികിത്സകൾ സ്വീകരിക്കുന്നതെന്നു ചോദിച്ചാൽ പലർക്കും ഉത്തരമില്ല. ഇവരിൽ പലരും ശാസ്ത്രം പഠിച്ചവരും ജീവിതത്തിൽ പ്രയോഗിക്കുന്നവരും ചിലപ്പോൾ ശാസ്ത്രജ്ഞരും ഡോക്ടർമാർ പോലും ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ഒരു നിവൃത്തിയുമില്ലാത്തപ്പോൾ നാം എന്തും പരീക്ഷിക്കും എന്നതാണ് ഒരുത്തരം.
അപ്പോൾ ഒരു ചോദ്യം ഉയരാൻ സാദ്ധ്യതയുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ചില ചികിത്സകൾ ഫലിക്കുന്നതായി കാണുന്നത്? വൈദ്യശാസ്ത്രവും പൊതുജനാരോഗ്യവും എമ്പിരിക്കൽ ആയിട്ടുള്ള ശാസ്ത്രങ്ങളാണ്. പൊതുവെ ബയോളജി എന്ന പോലെ. അവയുടെ ശാസ്ത്രീയ ലോജിക് സ്റ്റൊക്കാസ്റ്റിക് എന്നു വിളിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. അതായത് അവയിലെ സത്യങ്ങൾ ഒരു വ്യക്തിയിൽ പ്രവചിക്കാൻ സാദ്ധ്യമല്ല-എത്രയും വലിയ ഗ്രൂപ്പാണോ അത്രയും ആ പ്രവചനങ്ങൾ സത്യമാകാൻ സാദ്ധ്യതയുണ്ട് എന്നർത്ഥം. പലരും പറയാറുള്ള ഒരുദാഹരണം പറയാം. ജീവിതത്തിൽ ഒരിക്കലും പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശത്തിൽ അർബുദം ഉണ്ടാകുന്നു. പക്ഷേ നിറുത്താതെ പുകവലിക്കുന്ന അയാളുടെ സ്നേഹിതന്/സഹോദരന് ഒന്നും സംഭവിക്കാതെ തൊണ്ണൂറു വയസുവരെ ജീവിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൗ ഡോക്ടർമാർ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല എന്നുപറയുന്ന എത്ര പേരെ നമുക്ക് കാണാം. എന്നാൽ ഇൗ ഉദാഹരണം തെറ്റാണ്. നമ്മൾ താരതമ്യം ചെയ്യേണ്ടത് പുകവലിക്കുന്ന ആയിരംപേരെയും പുകവലിക്കാത്ത ആയിരം പേരെയുമാണ്. അപ്പോൾ അവർ തമ്മിലുള്ള അന്തരം വ്യക്തമാകും. പതിനായിരം പേരെ വീതം താരതമ്യം ചെയ്താൽ ഇത് കൂടുതൽ വ്യക്തമാകും. നമുക്കെല്ലാവർക്കുമറിയാം ഒരു നാണയം ടോസ് ചെയ്താൽ അത് ഹെഡോ, ടെയിലോ ആകാനുള്ള സാധ്യത ശരിക്കും പറഞ്ഞാൽ സംഭവ്യത അഥവാ പ്രൊബബിലിറ്റി സമമാണ്. അല്ലെങ്കിൽ അൻപത് ശതമാനം വീതം. പക്ഷേ നൂറു തവണ ടോസ് ചെയ്യുമ്പോൾ ഏകദേശം അൻപത് തവണ ഹെഡ് വീഴും. എന്നല്ലാതെ ഒരൊറ്റത്തവണ ചെയ്യുമ്പോൾ ഹെഡാണോ, ടെയിൽ ആണോ വീഴുന്നത് എന്നുപറയാൻ എളുപ്പമല്ല. അതുപോലെതന്നെ പുകവലിക്കാർക്ക് ചില കാൻസറുകൾ വരാൻ സാധ്യത കൂടുതലുണ്ടെന്ന് പറയുമ്പോൾത്തന്നെ ഏത് പുകവലിക്കാരന് ഏത് രോഗം വരും എന്ന് കൃത്യമായി പ്രവചിക്കാനാവില്ല.
ചില ചികിത്സകൾക്ക് യാതൊരടിസ്ഥാനവുമില്ലെങ്കിലും ചിലർക്ക് രോഗശാന്തി വരും. ഏതുരോഗത്തിൽ നിന്നും ചിലരെങ്കിലും സ്വയം മോചിതരാകുമെന്നതും ജീവശാസ്ത്ര പ്രതിഭാസമാണ്. ഒരാൾക്ക് അങ്ങനെ സംഭവിച്ചു എന്നത് എല്ലായ്പ്പോഴും സംഭവിക്കണം എന്നതിന്റെ സൂചനയല്ല. എന്നുവച്ചാൽ ചില കാര്യങ്ങൾ ചാൻസുകൊണ്ട് സംഭവിക്കുന്നതാണ്. യാദൃശ്ചികത എന്നുപറയാം.
ചാൻസുകൊണ്ടാണോ, അതോ ചികിത്സയ്ക്ക് ഫലപ്രാപ്തിയുണ്ടായതാണോ എന്നറിയാൻ ശാസ്ത്രീയമായ രീതികൾ ഉണ്ട്. പക്ഷേ ആ രീതികൾ പഠിച്ചിട്ടില്ലാത്തവർക്ക് അവ എളുപ്പം വഴങ്ങുന്നവയല്ല. എന്നാൽ ചാൻസുകൊണ്ട് രോഗം മാറിയ ഒരാളുടെ വ്യക്തിസാക്ഷ്യം നമ്മെ പെട്ടെന്ന് സ്വാധീനിക്കും. ഇങ്ങനെയുള്ള വ്യക്തികൾ പ്രമുഖരാണെങ്കിൽ പ്രത്യേകിച്ചും .
രോഗശാന്തിയെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും ഉള്ള അവകാശവാദങ്ങൾ വാസ്തവമാണോ അഥവാ അവയിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ എന്തെങ്കിലും മാർഗമുണ്ടോ? അത് അത്ര എളുപ്പമല്ലെന്ന് ആദ്യം പറയട്ടെ.
ഒരുനല്ല ഡോസ് അവിശ്വാസം
ആരോഗ്യകരമായ സംശയം
എല്ലാത്തിനെക്കുറിച്ചും സൂക്ഷിക്കുക എന്നത് പ്രധാനമാണ്. നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിൽ ഇൗ പ്രവണത വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ കുറവാണ്. സന്ദേശങ്ങൾ വളരെ വേഗം സഞ്ചരിക്കുന്ന ഇന്റർനെറ്റിന്റെയും വാട്സാപ്പിന്റെയും ഇൗ കാലത്ത് . പ്രത്യേകിച്ചും നമുക്ക് വിശ്വസിക്കാനാണ് കൂടുതൽ ഇഷ്ടം എന്നും പറയാം. എന്നാലും അവകാശവാദത്തിന്റെ ഉറവിടം പരിശോധിക്കുന്നത് ഒരു പ്രാഥമിക ആവശ്യമാണ്. ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണോ എന്നുള്ള പരിശോധന. അതോടൊപ്പം ചില കോമൺസെൻസ് പരിശോധനകളും നല്ലതാണ്. കുത്തിവയ്പ്പുകൾ കാരണം കുട്ടികളുടെ സന്താനോത്പാദനശേഷി ഇല്ലാതാകും എന്നൊക്കെ കേൾക്കുമ്പോൾ, അങ്ങനെയെങ്കിൽ നൂറുശതമാനം കുത്തിവയ്പ്പുകൾ പ്രചരിച്ചിട്ടുള്ള രാജ്യങ്ങളിൽ ജനങ്ങളെ ഉണ്ടാകാൻ പാടില്ലല്ലോ എന്ന് ചിന്തിക്കാനെങ്കിലും സാധിക്കണം.