മ നുഷ്യനെ അന്ധതയുടെ കൂരിരുട്ടിൽ നിന്ന് നവോത്ഥാനത്തിന്റെയും വിജ്ഞാനത്തിന്റെയും വെളിച്ചത്തിലേക്ക് നയിക്കുന്ന മഹത്തായ ഒരു സംരംഭമാണ് കൗമുദി ടി.വിയുടെ മഹാഗുരു മെഗാപരമ്പര. ഗാന്ധിജി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, രവീന്ദ്രനാഥ ടാഗോർ, കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ മഹാരഥന്മാർ ജീവിച്ച കാലഘട്ടത്തിന്റെ പുനരവതരണമാണ് ഈ കലാസൃഷ്ടി. സാഹിത്യത്തിലും കലകളിലും താത്പര്യമുള്ളവർക്ക് ഇത് നവോത്ഥാനത്തിന്റെ സംസ്കാരമാണ്. ശാസ്ത്ര തത്പരർക്ക് അവരുടെ വിഷയങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ ഇത് പ്രേരകമാകും. ലക്ഷ്യബോധമുള്ള ഒരു ജീവിതത്തിന് ഗുരുദേവൻ അരുളിച്ചെയ്ത ഓരോ വാക്കും കർമവും ഉത്തമ മാതൃകകളാകുമ്പോൾ അതിന്റെ പ്രസക്തിയും കാലാതീതമായി നിലകൊള്ളുന്നു. ജാതിചിന്തകളും ജാതിയുടെ പേരിലുള്ള സംഘർഷങ്ങളും നമ്മുടെ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാൽ വിശ്വസാഹോദര്യം ഊട്ടിയുറപ്പിക്കാനുതകുന്ന ഗുരുവചനങ്ങൾക്ക് കാലികപ്രാധാന്യമുണ്ട്. അവ ലോകം മുഴുവൻ വ്യാപരിപ്പിക്കാൻ കാണിക്കുന്ന കാലവിളംബമാണ് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ വിപത്തുകളുടെയും മൂലകാരണം.
ദൃശ്യസംസ്കാരത്തെ നേർവഴിക്കു നയിക്കുന്ന അപൂർവാനുഭവമാണ് ഈ മെഗാപരമ്പര. നവോത്ഥാന നായകർ തമസ്കരിക്കപ്പെടുകയും നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനരുജ്ജീവിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് 'മഹാഗുരു"വിന് ഏറെ കാലികപ്രസക്തിയുണ്ട്. ഗുരുദേവ ദർശനങ്ങളുടെ ആത്മചൈതന്യം ഉൾക്കൊള്ളാൻ ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനും അഭിനേതാക്കൾക്കും കഴിഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ അമ്പലമുറ്റത്തും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്ന സ്വാർത്ഥതയുടെ പുതിയ തലമുറയെ അന്ധത്വം ഒഴിച്ച് നേർവഴി കാട്ടാൻ ഈ പരമ്പര ഉപകരിക്കും. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ ഈ പരമ്പര കാണാൻ പ്രേരിപ്പിക്കേണ്ടതാണ്. ഈ അമൂല്യ കലാസൃഷ്ടിയുടെ ശില്പികൾക്ക് അഭിനന്ദനങ്ങൾ.