മഹാനായ ശ്രീനാരായണഗുരുവിനെക്കുറിച്ച് നാം കുറേ വായിച്ചറിഞ്ഞു, പഠിച്ചറിഞ്ഞു, കേട്ടറിഞ്ഞു. പക്ഷേ അതിനപ്പുറം വളർന്നു നിൽക്കുന്ന ജ്ഞാനദീപസ്തംഭമാണ് ഗുരുദേവൻ. ആത്മീയാചാര്യനായും ദിവ്യനായും നവോത്ഥാന നായകനായും പലപ്പോഴും ചെറിയ ഫ്രെയിമുകളിലൂടെയാണ് നാം ആ മഹാത്മാവിനെ കാണുന്നത്. പൂർണമായ വ്യാസത്തിലോ വ്യാപ്തിയിലോ ഗുരുവിനെ ദർശിക്കാൻ നമുക്കാകുന്നില്ല. മലയാളിയുടെ ദർശനവ്യാസത്തെയും കാഴ്ചപ്പാടിനെയും നവീകരിക്കാൻ കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു" മെഗാപരമ്പര സഹായിക്കും.
എത്ര ലളിതമായ ഭാവത്തിൽ, വേഷത്തിൽ, മൊഴികളിലൂടെയാണ് ഗുരു നമ്മുടെ ഹൃദയങ്ങളിലിരിക്കുന്നത്. നിഷ്ക്കളങ്കമായ ഒരു കൊച്ചുകുട്ടിയെപ്പോലെ. ഇത്രയേറെ വിനയവും നർമ്മബോധവും സൗമ്യമായ വിമർശനവും ഒത്തിണങ്ങിയ ഒരു ആചാര്യനെ വേറെ കാണാനാകില്ല. ശങ്കരാചാര്യർക്കു ശേഷം കേരളം ലോകത്തിനു പകർന്നു നൽകിയ പുണ്യതീർത്ഥമാണ് ഗുരുദേവൻ. ഉപനിഷത്തുകളെ ഇത്ര ലളിതമായി ആവിഷ്കരിച്ച ഋഷികവി വേറെയാരുണ്ട്. അദ്ദേഹത്തിന്റെ കവിത്വത്തെയും ശില്പസൗകുമാര്യത്തെയും വിലയിരുത്താൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിലെനിക്കു ദുഃഖമുണ്ട്. മഹാശില്പിയായ മഹാഗുരു ശിലയിൽ കുറിച്ചിട്ട മഹാകാവ്യമല്ലേ അരുവിപ്പുറം പ്രതിഷ്ഠ. കളവങ്കോട്ട് കണ്ണാടിയിൽ കുറിച്ച കാവ്യശില്പവും അനശ്വരമല്ലേ. കവിതയിലും ശില്പകലയിലും എന്റെ ഏറ്റവും വലിയ സ്വാധീനവും പ്രചോദനവും ഗുരുദേവ ദർശനങ്ങളാണ്.
ഗുരുദർശനവും കവിതകളും ഭാരതത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. അതു ലോകത്തിന് മുഴുവൻ അവകാശപ്പെട്ടതാണ്. ഗുരു ലോക ജനതയ്ക്ക് സ്വന്തം. ഭാവി ചരിത്രം അങ്ങനെ ഗുരുവിനെ വിലയിരുത്തും. ഗുരുവിന്റെ ബഹുമുഖ മാഹാത്മ്യം വെളിപ്പെടുത്തുന്നതാണ് മഹാഗുരു എന്ന മെഗാപരമ്പര.
ഗുരു മൊഴികളോടടുത്തു നില്ക്കുന്ന ഇതിന്റെ രചനയും സംവിധാനവും അഭിനന്ദനീയം. ശില്പഭദ്രമായ ഈ ദൃശ്യകലാസൃഷ്ടി കേരളകൗമുദിയുടെ മഹത്തായൊരു സംഭാവനയാണ്.