കിളിമാനൂർ :വേനൽ കടുത്തു കുടിവെള്ള ക്ഷാമം നേരിടുമ്പോളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പരിഹരിക്കാൻ ആളില്ല. കിളിമാനൂർ തുണ്ടിൽക്കട വണ്ടന്നൂർ റോഡിൽ മഠത്തിൽ കുന്നിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇതാണ് അവസ്ഥയെന്ന് പരിസരവാസികൾ പറയുന്നു. ഇത് മൂലം പരിസര പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടുന്നില്ല. സമീപ പ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ വിഷമിക്കുമ്പോഴാണ് വെള്ളം റോഡിലൂടെ ഒഴുക്കിക്കളയുന്നത്. വാട്ടർ അതോറിട്ടി അധികൃതർ അടിയന്തരമായി വെള്ളം പാഴാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു .