തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാസാഹിത്യ സൃഷ്ടികൾ ഡിജിറ്റൽ രൂപത്തിൽ ഇനി ലോകത്തെവിടെയിരുന്നും കാണാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് മാഗസിനുകൾ തയ്യാറാക്കുന്നത്. രണ്ടായിരത്തോളം സ്‌കൂളുകളിലെ മാഗസിനുകൾ തയ്യാറാക്കി. www.schoolwiki.in, www.dm18.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഇത് കാണാം. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച സൃഷ്‌ടികൾ കൈറ്റ്സ് അംഗങ്ങളാണ് സ്വതന്ത്ര സോഫ്ട്‌വെയറുകളുടെ സഹായത്തോടെ ഡിജിറ്റൽ രൂപത്തിലാക്കുന്നത്. പ്രഥമാദ്ധ്യാപകൻ, സ്റ്റാഫ് എഡിറ്റർ, സ്റ്റുഡന്റ് എഡിറ്റർ എന്നിവരടങ്ങുന്നതാണ് മാഗസിൻ പത്രാധിപസമിതി.
ഇന്ത്യയിലാദ്യമായാണ് ഡിജിറ്റൽ മാഗസിനുകൾ ഇത്രയും വിപുലമായി പൊതു ഡൊമൈനിൽ ലഭ്യമാകുന്നത്. എല്ലാ വർഷവും സ്‌കൂളുകളിൽ ഇത്തരം ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കാൻ കൈറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
- കെ. അൻവർ സാദത്ത്,
കൈറ്റ് വൈസ് ചെയർമാൻ