emisat

തിരുവനന്തപുരം: ശത്രുരാജ്യത്തിന്റെ ചിറകനക്കം മാത്രമല്ല, രഹസ്യസന്ദേശങ്ങൾ വരെ പകർത്തുന്ന കൃത്രിമബുദ്ധിയുടെ കണ്ണുകൾ ഇനി ബഹിരാകാശത്ത് ഇന്ത്യ‌യ്‌ക്കായി കാവൽനിൽക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ, സ്വയംപ്രവർത്തന ശേഷിയുള്ള എമിസാറ്റ്- അത്യാധുനിക സൈനിക ഉപഗ്രഹം ഈ മാസം ഇന്ത്യ ബഹിരാകാശത്തെത്തിക്കും. വിക്ഷേപണത്തീയതി അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും മാർച്ച് 21-ഓടെ പി.എസ്.എൽ.വിയുടെ ചിറകിൽ എമിസാറ്റ് കുതിക്കുമെന്നാണ് കരുതുന്നത്.

ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടിയുടെ 'കൗടില്യ' പദ്ധതിക്കു കീഴിൽ രൂപകൽപ്പന ചെയ്യപ്പെട്ട എമിസാറ്റ്, അമേരിക്കയുടെ ഒാറിയോൺ ചാര ഉപഗ്രഹത്തിനു സമാനമാണ്. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഐ.എസ്.ആർ.ഒയും സംയുക്തമായാണ് നിർമ്മാണം.

ശത്രുരാജ്യങ്ങളുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകളും, മിസൈലുകൾ പോലെ ഇലക്‌‌ട്രോണിക്‌സ് അധിഷ്ഠിത ആയുധങ്ങളുടെ സിഗ്നലുകളും പിടിച്ചെടുത്ത്, സ്വയം പ്രതിരോധ നടപടികൾ തീരുമാനിച്ച് നടപ്പാക്കുമെന്നതാണ് പ്രത്യേകത. നിലവിൽ ഇത്തരം സിഗ്നലുകൾ സ്വീകരിച്ച് വിശകലനം ചെയ്യുന്നത് സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷനുകളിലാണ്. ഇതിന് രണ്ടു പരിമിതകളുണ്ട്- കൂടുതൽ സമയമെടുക്കും: കൃത്യത കുറവായിരിക്കുകയും ചെയ്യും. മിസൈൽ ആക്രമണ സാഹചര്യത്തിലും മറ്റും ഞൊടിയിടയിലുള്ള പ്രതിരോധത്തിന് ഇത് തടസ്സമാണ്.

എന്നാൽ, ആകാശത്തു വച്ചുതന്നെ സിഗ്നലുകളുടെ വിശകലനവും പ്രതിരോധവും എമിസാറ്റ് നിശ്ചയിക്കും. ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ശേഷിയുള്ള റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങൾക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവിൽ പ്രവർത്തിക്കുന്ന എമിസാറ്റിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ കഴിയില്ലെന്നതാണ് സവിശേഷത.

753 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിലാണ് എമിസാറ്റ് നമുക്കായി 'റോന്തുചുറ്റുക.' 420 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാല് സ്ട്രാപ്പോൺ ഉള്ള, പി.എസ്.എൽ.വിയുടെ പരിഷ്ക്കരിച്ച പതിപ്പ് ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുക.

എമിസാറ്റിന്റെ തലച്ചോറ്

 ഉപയോഗിക്കുന്നത് മൂന്നു തരം കൃത്രിമബുദ്ധി: ഇലക്ട്രോണിക്സ് ഇന്റലിജൻസ്,കമ്മ്യൂണിക്കേഷൻ ഇന്റലിജൻസ്, ഫോറിൻ ഇൻസ്ട്രുമെന്റേഷൻ സിഗ്നൽ ഇന്റലിജൻസ്.

 ഇലക്ട്രോണിക്സ് ഇന്റലിജൻസ് ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളുടെ റഡാറുകളിൽ നിന്ന്

വിവരങ്ങൾ പിടിച്ചെടുക്കും. ഈ വിവരങ്ങൾ ഏതെല്ലാം കേന്ദ്രങ്ങളിലേക്കു പോകുന്നുവെന്ന് മനസ്സിലാക്കും. വേണ്ടിവന്നാൽ ശത്രുരാജ്യത്തിന്റെ റഡാർസിഗ്നൽ സംവിധാനം അപ്പാടെ പ്രവർത്തനരഹിതമാക്കും.

 മറ്റു രാജ്യങ്ങളുടെ റഡാറുകളിലെ സന്ദേശങ്ങൾ വഴിതിരിച്ചുവിടാം. ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾക്ക് ഈ രാജ്യങ്ങളുടെ റഡാറുകളെ ഒഴിവാക്കി കടന്നുപോകാം.

 കമ്മ്യൂണിക്കേഷൻ ഇന്റലിജൻസ് ഉപയോഗിച്ച് സൈനികാവശ്യത്തിനുള്ള വാർത്താവിനിമയ സിഗ്നലുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകാനാവും. മറ്റു രാജ്യങ്ങളുടെ സൈനിക വാർത്താ വിനിമയം മനസിലാക്കും

 ഫോറിൻ ഇൻസ്ട്രുമെന്റേഷൻ സിഗ്നൽ ഇന്റലിജൻസ് ഉപയോഗിച്ച് മിസൈലുകൾ പോലുള്ള ഇലക്ട്രോണിക്സ് നിയന്ത്രിത ആയുധങ്ങളിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുത്ത്, അവയുടെ ഗതിയും വേഗവും ലക്ഷ്യവും മുൻകൂട്ടി മനസിലാക്കും. പ്രതിരോധ നടപടികൾ സ്വയം സ്വീകരിക്കും.

 ഇന്ത്യയുടെ മറ്റ് വാർത്താ വിനിമയ ഉപഗ്രഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കും