ആറ്റിങ്ങൽ: റോഡ് നിർമ്മാണത്തിനായി പാലസ് റോഡിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ - പാറപ്പൊടി കൂന വാഹനങ്ങൾക്ക് അപകടകെണിയാകുന്നു. ടൗൺ യു.പി.എസ് ജംഗ്ഷനിൽ കാളിവിളാകം ക്ഷേത്രത്തിന് സമീപത്തായാണ് മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ടിരിക്കുന്നത്. മെറ്റൽ എത്തിച്ചിട്ട് ആറുമാസത്തിലേറെയായി. ആഴ്ചകൾ കഴിഞ്ഞപ്പോൾ ഇത് റോഡിന്റെ പകുതിയിലേറെ ഭാഗത്തേക്ക് വ്യാപിച്ച് ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നത് പതിവായി. കാറ്റത്ത് ഇതിലെ പൊടി പറന്ന് യാത്രക്കാരുടെ കണ്ണിൽ വീഴുകയാണ്. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന ഈ റോഡിൽ കുട്ടികളും തെന്നി വീഴുന്നുണ്ട്. ദീർഘദൂര വാഹനങ്ങളടക്കം കടന്നു പോകുന്നതിനാൽ വലിയ തിരക്കനുഭവപ്പെടുന്ന സ്ഥലമാണിത്. പൊടി ശല്യം കാരണം ബുദ്ധിമുട്ടിലായ പ്രദേശവാസികളും വ്യാപാരികളും അധികൃതരോട് പരാതിപറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.