ambalamukku-road

തിരുവനന്തപുരം: വർഷങ്ങളായി തുടരുന്ന അമ്പലമുക്ക് നിവാസികളുടെ യാത്രാദുരിതത്തിന് ഇനിയും അറുതിയാവുന്നില്ല. അമ്പലമുക്ക് ജംഗ്ഷനിൽ നിന്ന് സാന്ത്വനം ആശുപത്രിയിലേക്കുള്ള 100 മീറ്ററോളം ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. വാട്ടർ അതോറിറ്റിയുടെ വർഷങ്ങൾ പഴക്കമുള്ള പ്രിമോ പൈപ്പ് പൊട്ടുന്നത് ഇവിടെ നിത്യസംഭവമാണ്. റോഡ് ടാർ ചെയ്താൽ നിലനിൽക്കാത്തതിനാൽ ഇവിടെ ഇന്റർലോക്ക് ടൈലുകൾ പാകിയിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് കെ. മുരളീധരൻ എം.എൽ.എയുടെ ഫണ്ട് വിനിയോഗിച്ചാണ് ഇന്റർലോക്ക് ടൈലുകൾ സ്ഥാപിച്ചത്. ഇതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് നാട്ടുകാരും കരുതി. എന്നാൽ മൂന്ന് മാസം മുൻപ് പൈപ്പ് പൊട്ടി വീണ്ടും റോഡ് പഴയമട്ടിലാവുകയായിരുന്നു. ഇന്റർലോക്ക് ടൈലുകൾ ഇളകി റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഇവിടെ അപകടങ്ങൾ പതിവായി. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇപ്പോൾ ഇളകിമാറിയ ഇന്റർലോക്ക് ടൈലുകൾ റോഡിന്റെ വശത്തായി കൂട്ടിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താത്‌കാലിക പരിഹാരമായി പ്രദേശവാസികൾ ഗർത്തങ്ങൾ മണ്ണിട്ട് മൂടിയിരുന്നു. ഇത് അധികദിവസം നിലനിൽക്കില്ലെന്നാണ് ഇവരുടെ നിഗമനം.

ഭീഷണിയായി ഇലക്ട്രിക് കേബിളും

റോഡിന്റെ ശോചനീയാവസ്ഥകൊണ്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പുറമേയാണ് മാസങ്ങളായി റോഡരികിൽ നിന്ന് നീക്കം ചെയ്യാതിട്ടിരിക്കുന്ന ഇലക്ട്രിക് കേബിൾ ഉയർത്തുന്ന ഭീഷണിയും. ഇവ മൂലം എതിരെനിന്ന് വരുന്ന വാഹനങ്ങളെ കാണാൻ യാത്രക്കാർക്ക് കഴിയാതെവരുന്നു. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കേബിൾ അടിയന്തരമായി നീക്കം ചെയ്യണം. അമ്പലമുക്ക്, പേരൂർക്കട ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളടക്കം നിരവധി പേർ ദിവസവും സഞ്ചരിക്കുന്ന റോഡ് പെട്ടെന്ന് തന്നെ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് നാട്ടുകാരോടും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളോടും സംസാരിച്ചിട്ടുണ്ട്. തകർന്ന ഭാഗത്തിന്റെ പണി അടിയന്തരമായി പൂർത്തിയാക്കും. എം.എൽ.എയുമായി വിഷയം സംസാരിക്കാനിരിക്കുകയാണ്.

- മായ .ആർ.എസ്

വാർഡ് കൗൺസിലർ

തകർന്നത് 100 മീറ്ററോളം ഭാഗം