തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുൻ വില്ലേജ് ഓഫീസറെ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി യേശുദാസനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. ആനാവൂർ കോട്ടക്കൽ സ്വദേശിയായ കുട്ടപ്പന്റെ വസ്തുവിന്റെ പോക്ക് വരവ് ചെയ്ത് കരം അടച്ച് നൽകുന്നതിന് വേണ്ടി ആനാവൂർ വില്ലേജ് ഓഫീസറായിരുന്ന യേശുദാസൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് 3000 രൂപയിൽ ഉറപ്പിക്കുകയുമായിരുന്നു. ഇതിൽ 1000 രൂപ കൈപ്പറ്റി. ബാക്കി തുകയായ 2000 രൂപ വില്ലേജ് ഓഫീസിൽ വച്ച് കൈമാറുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന്റെ പിടിയിലാവുകയായിരുന്നു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് മുൻ ഡിവൈ.എസ്.പി എസ്. രാജേന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.