ന്യൂഡൽഹി: പാകിസ്ഥാന്റെ കൊടിയ പീഡനങ്ങൾക്കും ചോദ്യം ചെയ്യലിലും പതറാതെ ഇന്ത്യയുടെ അഭിമാനമായ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലെത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ വാഗാ അതിർത്തി അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറും. ഗ്രൂപ്പ് കമാൻഡർ ജെ.ഡി കുര്യൻ അഭിനന്ദനെ സ്വീകരിക്കും
അഭിനന്ദനെ റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലും അവിടെ നിന്ന് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം ഇന്ത്യയ്ക്കു കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. പാക് വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് അഭിനന്ദനെ പാകിസ്ഥാൻ ബന്ദിയാക്കിയത്.
മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് അഭിനന്ദനെ വിട്ടയയ്ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഖ്യാപനം എത്തുന്നത്. അഭിനന്ദനെ ബന്ദിയാക്കിയ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം അദ്ദേഹത്തെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി നയതന്ത്ര നീക്കങ്ങളും നടത്തിയിരുന്നു. പക്ഷേ, സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നൽകിയാൽ മാത്രമേ കൈമാറൂ ഇന്നലെ ഉച്ചവരെ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞിരുന്നത്. എന്നാൽ ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെയാണ് ഒടുവിൽ പാകിസ്ഥാൻ വഴങ്ങിയത്.
അമേരിക്കയുടെയും ചൈനയുടെയും സൗദിയുടെയും സമ്മർദ്ദം കൂടിവന്നപ്പോൾ പാകിസ്ഥാൻ വിരണ്ടു. ചൈനീസ്, സൗദി വിദേശകാര്യമന്ത്രിമാർ പാക് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്.
ധീരത =അഭിനന്ദൻ
ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചാണ് അഭിനന്ദൻ ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അശേഷം കുലുങ്ങാതെ നിന്ന് അഭിനന്ദന്റെ ധീരതയെയും ചങ്കൂറ്റത്തെയും ആദരവോടെയാണ് ലോകം കണ്ടത്. ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിൻമുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ അഭിനന്ദൻ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല എന്നാണ്. പാകിസ്ഥാൻ മാദ്ധ്യമങ്ങൾക്കുപാേലും ഇൗ ധീരതയെ പുകഴ്ത്താതിരിക്കാനായില്ല. ഇന്ത്യ വീഴ്ത്തിയ പാക് വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ വിമാനമാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.
സ്വപ്നങ്ങൾക്ക് ബലം നൽകിയത് അച്ഛൻ
അഭിനന്ദൻ വർദ്ധമാന്റെ സ്വപ്നങ്ങൾക്കു പേശീബലം നൽകിയത് അച്ഛൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാനായിരുന്നു. അദ്ദേഹമായിരുന്നു എക്കാലവും അഭിനന്ദന്റെ ധീരപുരുഷൻ. വ്യോമസേനയിൽ 4000 മണിക്കൂറുകൾ യുദ്ധവിമാനം പറത്തിയ അച്ഛനു മുന്നിൽ മകന്റെ സ്നേഹവും ആദരവും ഓരോ കാഴ്ചയിലും സല്യൂട്ടടിച്ചു നിന്നു.
തമിഴ്നാട്ടിൽ, തിരുവണ്ണാമലയിലെ തിരുപനമൂരിലാണ് അഭിനന്ദന്റെ അച്ഛൻ സിംഹക്കുട്ടിയുടെ കുടുംബം.
താംബരത്തെ പരിശീലനം പൂർത്തിയാക്കി, 2004-ലാണ് അഭിനന്ദൻ വ്യോമസേനാ ഓഫീസർ ആയത്. പതിനഞ്ചു വർഷത്തെ സർവീസ് ആയപ്പോൾ വിംഗ് കമാൻഡർ ആയി ഉദ്യോഗക്കയറ്റം. എയർ മാർഷൽ ആയി വിരമിച്ച അച്ഛൻ സിംഹക്കുട്ടി വർദ്ധമാൻ ചെന്നൈയ്ക്കടുത്ത് സേലയൂരിലെ നേവി- എയർഫോഴ്സ് ഹൗസിംഗ് കോളനിയായ ജൽവായു വിഹാറിൽ താമസമായപ്പോൾ, അഭിനന്ദൻ ഭാര്യ തൻവി മർവാഹയ്ക്കും മകനുമൊപ്പം ജോധ്പൂരിലായിരുന്നു. ഇടയ്ക്ക് ചെന്നൈയിലെത്തി അച്ഛനെയും അമ്മയെയും കാണും.
വ്യോമസേനയിൽത്തന്നെ ആയിരുന്നു തൻവിയും- സ്ക്വാഡ്രൺ ലഫ്റ്റനന്റ്. ഹെലികോപ്ടർ പൈലറ്റ് ആയിരുന്ന തൻവിയെ പരിചയപ്പെടുമ്പോൾ അഭിനന്ദൻ, ചിറകുള്ള സ്വപ്നങ്ങൾ മനസിൽ കൊണ്ടുനടന്ന തന്റെ നേർപാതിയെ കണ്ടെത്തുകയായിരുന്നു.