ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവനും പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമുദ് ഖുറേഷി. എന്നാൽ അസർ രോഗബാധിതനാണെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണെന്നുമാണ് പാക് മന്ത്രിയുടെ ഭാഷ്യം. അസറിനെ അറസ്റ്ര് ചെയ്യുന്ന കാര്യം തിരക്കിയപ്പോൾ പാക് കോടതിക്ക് കൂടി സ്വീകാര്യമായ തെളിവ് സമർപ്പിക്കണമെന്നായിരുന്നു ഒരു ദേശീയ മാദ്ധ്യമത്തോടുള്ള മറുപടി.
പുൽവാമ ആക്രമണത്തിന്റെ പിറകിൽ അസറാണെന്ന് ഇന്ത്യ പാകിസ്ഥാനെ ഒൗദ്യോഗിക കത്തിലൂടെ അറിയിച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതിർത്തിയിലെ സംഘർഷം കുറയ്ക്കാനുള്ള ഏത് നടപടിയെയും സ്വാഗതം ചെയ്യുമെന്നായിരുന്നു പാക് മന്ത്രിയുടെ മറുപടി. ഐക്യ രാഷ്ട്ര സുരക്ഷാ കൗൺസിലിൽ ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ മുതൽ ഇതിനെ എതിർക്കുന്ന ചൈനയാകട്ടെ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തമായ സമീപനം കൈക്കൊണ്ടിട്ടില്ല. അതേസമയം ഇന്ത്യൻ പൈലറ്ര് അഭിനന്ദൻ വർദ്ധമാനെ വിട്ടയയ്ക്കാനുള്ള പാക് തീരുമാനത്തെ ഐക്യരാഷ്ട്ര സംഘടന സ്വാഗതം ചെയ്തു.
അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു വരികയായിരുന്നു. 1999ൽ കാണ്ഡഹാറിൽ വിമാനം റാഞ്ചിയപ്പോൾ യാത്രക്കാരെ മോചിപ്പിക്കാനായി വിട്ടുകൊടുത്ത മൂന്നു ഭീകരരിൽ ഒരാൾ മൗലാനാ മസൂദ് അസറായിരുന്നു. 41 തീവ്രവാദികളെ വിട്ടയയ്ക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം. പിന്നീട് 2007ൽ ആണ് ഇയാൾ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന രൂപീകരിച്ചത്.