കാസർകോട്: പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ അഞ്ചു പ്രമുഖർ ഒളിവിൽ പോയി. ഇവരെ കണ്ടെത്താൻ അന്വേഷണ സംഘം വലവീശുകയാണെന്നാണ് അറിയുന്നത്. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ നൽകിയ മൊഴി പ്രകാരം പ്രതിപ്പട്ടികയിൽ വരുമെന്ന് ഉറപ്പായതോടെയാണ് പ്രമുഖർ സ്ഥലംവിട്ടതെന്നാണ് സൂചന. സി.പി.എം അനുഭാവികളാണ് ഇവരിൽ ചിലർ.
ഇരട്ട കൊലപാതകത്തിൽ 20 ഓളം പേർക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. സമ്മർദ്ദമോ ഇടപെടലോ ഉണ്ടായില്ലെങ്കിൽ ഇവരെയെല്ലാം ക്രൈംബ്രാഞ്ച് പ്രതിചേർത്തേക്കും. കൊലയുടെ സൂത്രധാരന്മാരിൽ പ്രധാനിയായ സി.പി.എം പ്രാദേശിക നേതാവ് ശാസ്താ ഗംഗാധരനടക്കം ഇയാളുടെ കുടുംബത്തിലെ ആറുപേർക്ക് സംഭവത്തിൽ ബന്ധമുള്ളതായ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഗംഗാധരന്റെ മകൻ ഗിജിനെയും മരുമകൻ അശ്വിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ കാഞ്ഞങ്ങാട് സബ്ജയിലിൽ റിമാൻഡിലാണ്.
ശാസ്താ ഗംഗാധരനും ഒളിവിലാണെന്നാണ് അറിയുന്നത്. ഇവരെ കണ്ടെത്താൻ അന്വേഷണ സംഘം വ്യാപകമായ തെരച്ചിലിലാണ്. അനുജന്മാരായ ശാസ്താ മധു, പത്മനാഭൻ, മറ്റൊരു ബന്ധു മുരളി എന്നിവരെയും സംഘം തെരയുന്നുണ്ട്. മുരളിയാണ് തന്റെ ഇയോൺ കാറിൽ പ്രതികളെ കൃത്യം നടന്ന ശേഷം കല്യോട്ട് നിന്ന് രാവണീശ്വരം വഴി രക്ഷപ്പെടുത്തിയതെന്ന് പറയുന്നു. ഗംഗാധരന്റെ ബന്ധുവിന്റെ ഇന്നോവയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇയാളും കേസിൽ പ്രതിയായേക്കും. മുരളി സംഭവ ദിവസം തൊട്ട് മുങ്ങിയെന്ന് അന്വേഷണ സംഘം പറയുന്നു.
ഇരട്ട കൊലയുടെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയ പ്രമുഖ വ്യാപാരി വത്സരാജൻ കല്ല്യോട്ട് തന്നെയുണ്ടെന്നും സൂചനയുണ്ട്. പ്രമുഖ റബ്ബർ മലഞ്ചരക്ക് വ്യാപാരിയാണ് വത്സരാജൻ. രാഷ്ട്രീയ സംഘർഷം നിലനിന്ന പെരിയ, കല്യോട്ട് ഭാഗങ്ങളിൽ ഒരു ഹർത്താൽ ദിനത്തിൽ വത്സരാജന്റെ വ്യാപാര സ്ഥാപനം, കൊല്ലപ്പെട്ട കൃപേഷിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചിരുന്നു. അന്ന് വത്സരാജൻ കൃപേഷിനോടു പറഞ്ഞത്. 'എന്റെ കട നീ ഇന്ന് അടപ്പിച്ചോ, നിന്നെ എന്നെന്നേക്കുമായി ഞാൻ അടപ്പിക്കുമെന്നായിരുന്നു'വെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണൻ അന്വേഷണ സംഘം മുമ്പാകെ മൊഴി നൽകിയിരുന്നു.
ഇരട്ടകൊലയ്ക്ക് രണ്ടു ദിവസം മുമ്പ് കല്യോട്ടെ വ്യാപാര സ്ഥാപനത്തിൽ നിന്നും റബ്ബറും മലഞ്ചരക്കുമടക്കം മുഴുവൻ ചരക്കുകളും സ്വകാര്യ വാഹനത്തിൽ വത്സരാജൻ കയറ്റി കൊണ്ടുപോയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. കാര്യമന്വേഷിച്ചപ്പോൾ തൊഴിലാളികളോട് ഇനി മൂന്നു ദിവസത്തേക്ക് പണി ഉണ്ടാവില്ലെന്ന് മറുപടി പറയുകയും ചെയ്തതായി പറയുന്നു. സാധാരണഗതിയിൽ രാത്രി ഏറെ വൈകി സ്ഥാപനം അടയ്ക്കാറുള്ള വത്സരാജൻ ഇരട്ടകൊല നടന്ന ദിവസം ഏഴു മണിക്ക് മുമ്പ് അടച്ചതും സംശയാസ്പദമാണെന്ന വാദമുണ്ട്.
പത്തു ദിവസം മുമ്പ് വത്സരാജൻ തന്റെ സ്ഥാപനത്തിൽ സിസി ടിവി കാമറ സ്ഥാപിക്കുകയും 50 ലക്ഷത്തിന് സ്ഥാപനം ഇൻഷ്വർ ചെയ്തുവെന്നും ആസൂത്രണത്തിന്റെ തെളിവുകളായി കൃപേഷിന്റെ പിതാവ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അതേസമയം കൊലയ്ക്ക് ശേഷം ആദ്യം പൊലീസ് കിണറ്റിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ വ്യാജമാണോയെന്ന സംശയവും ക്രൈംബ്രാഞ്ച് സംഘത്തിനുണ്ട്. ആദ്യം ഇരുമ്പുവടികളും പിടിയില്ലാത്ത തുരുമ്പിച്ച ഒരു വാളുമാണ് കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഇതിനുശേഷം വീണ്ടും വാൾ കണ്ടെത്തിയിരുന്നു. സി.പി.എം പ്രവർത്തകനായ ഒരാൾ വ്യാജ ആയുധം കിണറിൽ കൊണ്ടിട്ടതാണോയെന്ന സംശയമാണ് ക്രൈംബ്രാഞ്ചിനുള്ളത്. നേരത്തെ ഇതുവ്യാജമാണെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണവും നടത്തുന്നുണ്ട്.