തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ വിതുര തൊളിക്കോട് ജുമാ മസ്ജിദിലെ മുൻ ഇമാം ഷെഫീഖ് അൽഖാസിമിയെ (46) രക്ഷപ്പെടാൻ സഹായിച്ച കേസിൽ സഹോദരി ഭർത്താവിനെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശിയും തൊളിക്കോട് പ്രദേശത്തെ മറ്റൊരു ജമാ അത്തിലെ ഇമാമുമായ കബീറാണ് (39) അറസ്റ്റിലായത്.ഇമാമിന്റെ ഏക സഹോദരിയുടെ ഭർത്താവാണ് കബീർ. ഇയാളും ഒരു പള്ളിയിലെ ഇമാമാണ്.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ശേഷം ആദ്യ രണ്ട് ദിവസം കബീറിന്റെ വീട്ടിലാണ് ഷെഫീഖ് അൽഖാസിം ഒളിവിൽ കഴിഞ്ഞതെന്ന് മനസിലാക്കിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ രണ്ട് ദിവസം ഷെഫീഖ് അൽഖാസിം തന്റെ വീട്ടിലുണ്ടായിരുന്നുവെന്നും സംഭവം വിവാദമാകുകയും ഷെഫീഖിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ചെലവിന് പണം നൽകുകയും ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തതായി കബീർ പൊലീസിനോട് സമ്മതിച്ചു.
നെടുമങ്ങാട് ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. അതേസമയം റേഞ്ച് ഐ.ജിയുടെ നേരിട്ടുളള മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചശേഷവും ഷെഫീഖ് അൽഖാസിമിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇയാൾക്കായി വിപുലമായ തെരച്ചിൽ ആരംഭിച്ചതായും ഉടൻ പിടികൂടുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.