നാലു സന്ദർശകരെത്തി. അവർക്ക് നാരായണഗുരുവിനെ സംബന്ധിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കണം. അതിലുള്ള ഒരു വിഷയം ഗുരുദർശനത്തിലെ ശാസ്ത്രീയതയാണ്. ഞാൻ ചോദിച്ചു,
''എന്താണ് ശാസ്ത്രീയത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?"
''ആധുനിക ശാസ്ത്രജ്ഞന്മാർ ഇപ്പോൾ സമ്മതിച്ചിരിക്കുന്നല്ലോ അറിവാണ് പരമമായ സത്യം എന്ന്. അതാണ് ഗുരുവും സിദ്ധാന്തിക്കുന്നത്. അപ്പോൾ ഗുരുവിന്റെ ദർശനം ശാസ്ത്രീയമാണെന്നു വരുന്നല്ലോ?"
''ആധുനികശാസ്ത്രജ്ഞന്മാരുടെ ശാസ്ത്രചിന്ത ലോകമാകുന്ന സത്യത്തിന്റെ ഭൗതികവശം മാത്രം കണക്കിലെടുത്തുകൊണ്ടുള്ളതാണ്. അതിനനുസരിച്ചുള്ളതാണ് അതിലെ ശാസ്ത്രീയത. ആ ശാസ്ത്രലോകത്തു വിഹരിക്കുന്നവർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു, ഗുരു പറഞ്ഞത് അവർക്കും സമ്മതമാണെന്ന്. അതായത്, അവർക്കറിയാവുന്ന ശാസ്ത്രീയത വച്ചുകൊണ്ട് ഗുരുദർശനത്തിന് അവർ സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നു. എന്നാൽ ഭൗതികതയെയും ആത്മീയതയെയും രണ്ടായി കാണാതെ, ഒരൊറ്റ സത്യത്തിന്റെ ഇരുമുഖങ്ങൾ മാത്രമാണ് ഭൗതികതയും ആത്മീയതയും എന്നു കണ്ടുകൊണ്ട് ആ ഏകസത്യത്തെ സംബന്ധിക്കുന്ന ഒരു ശാസ്ത്രം ഗുരുവെഴുതി. അതിനു അതിന്റേതായ ഒരു ശാസ്ത്രീയതയുമുണ്ട്. ആ ശാസ്ത്രീയത ആധുനികശാസ്ത്രവിശാരദന്മാർക്ക് അറിയാമോ?"
''അറിയില്ല."
''അപ്പോൾ ഏതു ശാസ്ത്രീയതയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഗുരുദർശനത്തിന്റെ തനതായ ശാസ്ത്രീയതയോ, ഗുരുവിനു സർട്ടിഫിക്കറ്റു കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഭൗതികശാസ്ത്രജ്ഞന്മാരുടെ ശാസ്ത്രീയതയോ?"
''ഗുരുവിന്റെ ശാസ്ത്രീയതയാണ്."
''ആ ശാസ്ത്രം ഭൗതികശാസ്ത്രജ്ഞന്മാർക്കറിയില്ല. ആ ശാസ്ത്രം പഠിച്ചുകൊണ്ട് ഗുരുദർശനത്തിന്റെ ശാസ്ത്രീയത അറിയാനും സാധിക്കില്ല."
''ഗുരുദർശനത്തിന്റെ ശാസ്ത്രീയത അറിയാൻ എന്താണ് വഴി?"
''ആധുനിക കാലത്ത് ഒരു ശാസ്ത്രജ്ഞനായിത്തീരാൻ എത്ര കാലത്തെ പഠനം വേണം?"
''വളരെക്കാലത്തെ പഠനം വേണം."
''അതിനെക്കാൾ നീണ്ട പഠനവും, അതിനുവേണ്ടിയുള്ള അർപ്പണമനോഭാവവും ഗുരുദർശനത്തിന്റെ ശാസ്ത്രീയത പഠിക്കുന്നതിനു വേണ്ടിവരും. ഇവിടെയിരുന്നു സംസാരിച്ചു തീർക്കാവുന്ന വിഷയമല്ലത്."