സമഗ്രപരിഷ്കരണത്തോടെ സംസ്ഥാനത്തിന് പുതിയ ടൂറിസം നയം പ്രഖ്യാപിച്ചത് ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനു കാരണമായി. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവും ആക്കുന്നതിനായി കേരള ടൂറിസം റെഗുലേറ്ററി അതോറിട്ടി രൂപീകരിക്കാനുള്ള തീരുമാനം നയത്തിൽ ഉൾപ്പെടുത്തി രൂപീകരണത്തിന് പ്രാഥമിക നടപടി തുടങ്ങി. ഓൺലൈൻ തട്ടിപ്പുകൾ, മയക്കുമരുന്ന്, ബാലപീഡനം, പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിർമ്മാണങ്ങൾ തുടങ്ങിയ പരാതികൾ പൂർണമായി ഇല്ലാതാക്കി വിനോദസഞ്ചാര മേഖലയുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പ്രളയം വിതച്ച ദുരന്തങ്ങളിൽ നിന്ന് കരകയറാൻ ഭഗീരഥപ്രയത്നം വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രളയത്തിന്റെ ആഘാതം വലിയ തോതിൽ ബാധിച്ച മേഖല സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം രംഗമാണ്. പ്രളയത്തോടൊപ്പം നിപ്പ പകർച്ചവ്യാധിയും ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ അക്രമസംഭവങ്ങളും ടൂറിസംമേഖലയെ ലക്ഷ്യത്തിൽ എത്തുന്നതിൽ നിന്നും പിന്നാക്കം വലിച്ചു.
സമഗ്രമായ ടൂറിസംനയം ആവിഷ്കരിച്ച് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനിടയിലാണ് ടൂറിസംകേന്ദ്രങ്ങൾ തന്നെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും കെടുതിയിൽ വീണുപോയത്. തിരിച്ചടികളെയും ദുരന്തങ്ങളെയും അതിജീവിക്കാനാകുന്ന ജനതയാണ് നമ്മൾ. ടൂറിസം കേന്ദ്രങ്ങളൊന്നും പാടെ തകർന്നു പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരള ബ്രാൻഡ് , നമ്മൾ നീണ്ട ഒരു കാലയളവ് കൊണ്ട് വളർത്തിയെടുത്തതാണ്. അത് തകരാതെ കാത്തുരക്ഷിക്കാനും, വെല്ലുവിളികളെ ചെറുത്തുതോല്പിക്കാനും ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടൂറിസം വ്യവസായത്തിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ പരിഗണിച്ച് കർമ്മപരിപാടി രൂപപ്പെടുത്തും.
പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ സഞ്ചാരികൾ കേരളത്തിലേക്ക് വരാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വളരെ ശക്തമായ മാർക്കറ്റിംഗ് കാമ്പെയിനാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഈ കാലയളവിൽ കേരള ടൂറിസം നടപ്പാക്കിയ പ്രധാന പദ്ധതികളാണ് ഇനിപ്പറയുന്നത്.
കേരള ടൂറിസം സംരംഭകത്വ ഫണ്ട്
ടൂറിസം രംഗത്ത് നൂതന ആശയങ്ങൾ നടപ്പാക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുമായി കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നൽകും. പുതിയ തലമുറ സംരംഭകരെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നൂതന സേവനമോ പദ്ധതിയോ നടപ്പാക്കുള്ള ഉപദേശവും നിർദ്ദേശങ്ങളും മാനേജ്മെന്റ് വൈദഗ്ദ്ധ്യവും ഒപ്പം മൂലധനവും കണ്ടെത്തി നൽകുന്ന പദ്ധതിയാണിത്. ഇതിനായി സർക്കാർ മുൻകൈയെടുത്ത് വെഞ്ച്വർ ഫണ്ട് രൂപീകരിക്കും.
ഉത്തരവാദിത്വ ടൂറിസം
ലോക ടൂറിസത്തിന് മാതൃകയായി കേരളത്തിലെ ഉത്തരവാദിത്വടൂറിസം മിഷൻ മാറുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ലണ്ടനിൽ ഈയിടെ സമാപിച്ച വേൾഡ് ട്രാവൽ മാർട്ട്- 2018ൽ കേരള ടൂറിസം രണ്ട് സുവർണ പുരസ്കാരങ്ങൾ നേടിയത് ഉത്തരവാദിത്ത ടൂറിസം രംഗത്ത് നാമുണ്ടാക്കിയ മുന്നേറ്റം മൂലമാണ്. 'ബെസ്റ്റ് ഇൻ റെസ്പോൺസിബിൾ ടൂറിസം" എന്ന വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിക്കൊണ്ട് കേരള ടൂറിസം ഈ വിഭാഗത്തിലെ പ്രഥമ അവാർഡ് ജേതാവായി. വേൾഡ് റെസ്പോൺസിബിൾ ടൂറിസം അവാർഡ് 2018ലെ 'ബെസ്റ്റ് ഫോർ മാനേജിംഗ് സക്സസ് " എന്ന വിഭാഗത്തിൽ സുവർണ ചകോരം കരസ്ഥമാക്കിക്കൊണ്ട് കുമരകത്തെ ഉത്തരവാദിത്വടൂറിസം പ്രവർത്തനങ്ങൾ വീണ്ടും ആഗോളതലത്തിൽ അംഗീകാരം നേടി.
ജടായു ടൂറിസം പദ്ധതി
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന 100 കോടിയുടെ ജടായുപാറ ടൂറിസം പദ്ധതി കേരളത്തിന് അഭിമാനമാണ്. റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകി. ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പം എന്നതിനൊപ്പം ടൂറിസത്തിന് പുതിയ സാദ്ധ്യതകൾ നൽകുന്നതാണ് ജടായുപ്പാറ ടൂറിസം പദ്ധതി.
വിനോദസഞ്ചാര ഭൂപടത്തിലേക്ക ഉത്തര മലബാർ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടൂറിസം സാദ്ധ്യതയുള്ള ഉത്തരമലബാറിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഏഴ് നദികൾ കേന്ദ്രീകരിച്ച് 325 കോടി രൂപ അടങ്കൽത്തുക വരുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതിക്ക് തറക്കല്ലിടുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ കൂടി സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരകണ്ടി, മാഹി, തലശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും, അവിടത്തെ കലാരൂപങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം ഈ ടൂറിസം പദ്ധതിയിലൂടെ ലോകത്തിന് പരിചയപ്പെടുത്താനാകും. നദികളിലൂടെ 197 കിലോമീറ്റർ ബോട്ട് യാത്ര ചെയ്ത് ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷതയോടെ സഞ്ചാരികളെ സ്വീകരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തീർത്ഥാടന ടൂറിസം
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ പ്രധാനമായും തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി വരുന്നവരാണ്. അവരെ ഈ കേന്ദ്രങ്ങളിലേക്ക് കൂടുതലായി ആകർഷിക്കാൻ വേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുന്ന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 46 കോടി രൂപയുടെ പ്രസാദം പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്നും അനുമതി നേടി നിർമ്മാണം ആരംഭിച്ചു. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച പദ്ധതി പൂർത്തിയാക്കി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 10 കോടി രൂപ ചെലവഴിച്ച് പുതിയ കൺവെൻഷൻ സെന്ററിന് തറക്കല്ലിട്ടു. ശിവഗിരിയും പരിസര പ്രദേശങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന തീർത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി നേടി .
ഒറ്റനോട്ടത്തിൽ
ടൂറിസം കേന്ദ്രങ്ങളിലെ ഭീഷണി നേരിടാൻ ഗ്രീൻ പ്രോട്ടോകോൾ ഏർപ്പെടുത്തും.
യുവ സംരംഭകർക്ക് ആശയങ്ങൾ അവതരിപ്പിക്കാൻ ന്യൂ ഐഡിയാ മീറ്റും നിക്ഷേപം ആകർഷിക്കാൻ ഇൻവെസ്റ്റേഴ്സ് മീറ്റും സംഘടിപ്പിക്കും.
ഉത്തരവാദിത്വ ടൂറിസം മിഷൻ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.
ടൂറിസം മേഖലയിൽ മുതൽ മുടക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികളെ സഹായിക്കാൻ ഇൻവെസ്റ്റ്മെന്റ് ഗൈഡൻസ് സെൽ രൂപീകരിക്കും.
കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും.
നിശാഗന്ധി നൃത്തോത്സവത്തിന്റെ മാതൃകയിൽ നിശാഗന്ധി സംഗീതോത്സവം ആരംഭിച്ചു.
കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പത്തനംതിട്ട - ഗവി - വാഗമൺ - എക്കോ ടൂറിസം പദ്ധതി പൂർത്തിയാക്കി.
തലശേരിയിലും ആലപ്പുഴയിലും പുതിയ പൈതൃക സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
മുസിരസ് പൈതൃക പദ്ധതിയുടെ രണ്ടാം ഘട്ടം നിർമ്മാണം ആരംഭിച്ചു.
ടൂറിസം സീസണ് മുന്നോടിയായി കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനും വിവിധ ഏജൻസികളുടെ കൂട്ടായ്മയിലൂടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമായി 'ഗ്രീൻകാർപറ്റ് "പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരം പദ്ധതി നടപ്പാക്കുന്നത്. 84 ടൂറിസം കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.