pazhanchira

ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ പഴഞ്ചിറ പാടശേഖരത്തെ കൊയ്ത്തുത്സവം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 120 തൊഴിലുറപ്പ് തൊഴിലാളികളെയും 5 കർഷകരെയും ഡെപ്യൂട്ടി സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു.

ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക‌്, മേൽ കടയ്ക്കാവൂർ ക്ഷീരസംഘം (മിൽകോ), പാടശേഖരസമിതി, കർഷകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംയുക്തമായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പഴഞ്ചിറ പാടശേഖരത്ത് കൃഷിയിറക്കിയത്. രണ്ട് വർഷമായി തരിശിട്ട 40 ഹെക്ടറിലാണ് കൃഷിയിറക്കിയത്. നൂറുമേനി വിളവുണ്ട്. പാടശേഖരത്ത് ജലസേചന സൗകര്യത്തിനായി ഒന്നര കിലോമീറ്ററുള്ള രണ്ട് തോട‌ുകൾ ശുചീകരിച്ചിട്ടുണ്ട‌്. വാർഡിലെ 120 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് തോടുകൾ വൃത്തിയാക്കിയത‌്. കൊയ്ത്ത് മഹോത്സവത്തോടനുബന്ധിച്ച് മേൽകടയ്ക്കാവൂർ ഗവൺമെന്റ് എൽ.പി.എസിൽ നിന്നും പാടശേഖരം വരെ ഘോഷയാത്രയും നടത്തി.

ജില്ലാ പഞ്ചായത്തംഗം അഡ്വ.ശ്രീകണ്ഠൻ നായർ അവാർഡ് വിതരണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി കനകദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സുലേഖ, സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ, ആർ.സരിത, പഞ്ചായത്തംഗങ്ങളായ എസ്.ശ്രീലത, ആന്റണി ഫെർണാണ്ടസ്, എം.ജയൻ, ചിറയിൻകീഴ് എസ്.സി.ബി പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ, പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, കെ.പി രാജശേഖരൻ നായർ, ആർ.അനിൽകുമാർ, എ.അനിൽകുമാർ എന്നിവർ സംസാരിച്ചു. മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ് സ്വാഗതവും കൃഷി ഓഫീസർ അനു രാജൻ നന്ദിയും പറഞ്ഞു.