തിരുവനന്തപുരം: ജനിച്ച് ചോരമണം മാറും മുമ്പ് ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച് വളർത്തുന്ന ശിശുക്ഷേമ സമിതി 18 വയസു വരെയുള്ള കുട്ടികൾക്ക് ആശ്രയമൊരുക്കാനൊരുങ്ങുന്നു. ഇതിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാട് ആസ്ഥാനത്ത് കുട്ടികളെ പാർപ്പിച്ച് പരിചരിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനുമായി ബാലഭവൻ നിർമ്മിക്കാനൊരുങ്ങുകയാണ്. ബാലഭവൻ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പരിചരണകേന്ദ്രം,​ പരിശീലന കേന്ദ്രം,​ ലൈബ്രറി,​ മോണ്ടിസോറി സ്‌കൂൾ,​ കോൺഫറൻസ് ഹാൾ തുടങ്ങിയവയാണ് പുതിയ മന്ദിരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ ആറ് വയസു വരെയുള്ള കുട്ടികളെയാണ് പരിചരിക്കുന്നത്. ആറ് വയസുകഴിഞ്ഞാൽ കുട്ടികളെ പരിചരിക്കാൻ ആവശ്യമായ സൗകര്യമില്ല. ഈ പ്രായത്തിനുള്ളിൽ ദത്ത് പോകാതെ സമിതിയിൽ തുടരുന്ന കുഞ്ഞുങ്ങളെ സർക്കാരിന്റെ അനാഥാലയങ്ങളിലേക്ക് മാറ്റുകയായിരുന്നു പതിവ്. ശിശുക്ഷേമ സമിതിയിലെ അമ്മമാരുടെ പരിചരണത്തിൽ കഴിയുന്ന കുട്ടികൾക്ക് ഇതൊരു സങ്കടമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തുടർന്നും കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു കേന്ദ്രം നിർമ്മിക്കാൻ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമിതിയുടെ അഭ്യർത്ഥന മാനിച്ച് തൃശൂർ കൈപ്പമംഗലം കൊപ്രാക്കളം കേന്ദ്രമായി പ്രവർത്തിക്കുന്ന അദീബും & ഷഫീന ഫൗണ്ടേഷനാണ് സമിതിയുടെ തൈക്കാട് ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബഹുനില മന്ദിരം നിർമ്മിച്ച് നൽകുന്നത്. സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ അദ്ധ്യക്ഷയ ചടങ്ങിൽ സാമൂഹിക നീതി സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ,​ വനിതാ - ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്,​ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പി,​ അദീപ് ഫൗണ്ടേഷൻ പ്രതിനിധി മാത്യൂ വിളയിൽ തുടങ്ങിയവർ പങ്കെടുത്തു.