2019-election

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർത്ഥികളെ അടുത്ത വെള്ളിയാഴ്ചയോടെ തീരുമാനിക്കും. സി.പി.എം, സി.പി.ഐ സ്ഥാനാർത്ഥി നിർണയത്തിനായുള്ള അന്തിമചർച്ചകൾ അടുത്ത ദിവസങ്ങളിൽ നടക്കും. നാളെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും തിങ്കളാഴ്ച സംസ്ഥാന കൗൺസിലും ചേർന്ന് തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലേക്കുള്ള പാർട്ടി സ്ഥാനാർത്ഥി സാദ്ധ്യതാ പാനലിന് രൂപം നൽകും. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ദേശീയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാവും അന്തിമ പട്ടിക പ്രഖ്യാപിക്കുക.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് സി.പി.എമ്മും നാളെ തുടക്കമിടുകയാണ്. ഞായറും തിങ്കളും ഡൽഹിയിൽ ചേരുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലെ നിർദ്ദേശം കൂടി കണക്കിലെടുത്താവും ചൊവ്വ മുതൽ ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുക.

രണ്ട് കക്ഷികൾക്ക് മാത്രം?

എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയും ഒഴികെയുള്ള ഘടകകക്ഷികൾക്കാർക്കും സീറ്റുകളില്ലെന്ന സൂചനയാണ് ഉയരുന്നത്. കഴിഞ്ഞതവണ കോട്ടയം മണ്ഡലം ജനതാദൾ-എസിന് നൽകിയെങ്കിലും ഇത്തവണ അതും സി.പി.എം ഏറ്റെടുക്കാനാണ് സാദ്ധ്യത. കോട്ടയത്തിന് പകരം തിരുവനന്തപുരം കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹം ദൾ നേതൃത്വം ഇടയ്ക്ക് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, തിരുവനന്തപുരം വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ ഉറച്ച നിലപാട് എടുത്തു. എ.നീലലോഹിത ദാസിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു ജനതാദളിന്റെ നീക്കം.

തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതിനിടയിൽ തന്നെ വിവിധ ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചയും സി.പി.എം നടത്തുമെന്നാണ് അറിയുന്നത്.

ഉറ്റുനോക്കി പത്തനംതിട്ട

പത്തനംതിട്ടയിൽ ജനാധിപത്യ കേരള കോൺഗ്രസിലെ കെ. ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകുന്നത് ഉചിതമാകുമെന്ന ചർച്ചകൾ പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. യു.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിൽ സീറ്റിനെച്ചൊല്ലി മാണി- ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ ഗതിയെന്തെന്ന് അറിഞ്ഞ ശേഷമാകും അങ്ങനെയെങ്കിൽ ഇത്തരത്തിലുള്ള ചർച്ചകളിലേക്ക് മുന്നണി നേതൃത്വം തിരിയുക. നാളെ മാണി ഗ്രൂപ്പുമായി യു.ഡി.എഫ് നേതൃത്വം നടത്തുന്ന ഉഭയകക്ഷി ചർച്ചയിലേക്കും ഇടത് നേതൃത്വം ഉറ്റുനോക്കുന്നു.

വടകര സീറ്റിനായി ലോക്‌താന്ത്രിക് ജനതാദൾ ആവശ്യമുന്നയിച്ച് വന്നിട്ടുണ്ടെങ്കിലും എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകിയതിനാൽ തത്കാലം സാദ്ധ്യത വിരളമാണെന്നാണ് സൂചനകൾ.

സി.പി.ഐ സാദ്ധ്യതാ പട്ടിക

ഇന്നലെ ചേർന്ന സി.പി.ഐ ജില്ലാ കൗൺസിലുകൾ നാല് മണ്ഡലങ്ങളിലേക്ക് തയാറാക്കിയ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക:

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി. ദിവാകരൻ എം.എൽ.എ, ജില്ലാ സെക്രട്ടറി ജി.ആർ അനിൽ.

മാവേലിക്കര: ചിറ്രയം ഗോപകുമാർ

തൃശൂർ: സിറ്റിംഗ് എം.പി സി.എൻ ജയദേവൻ, മുൻമന്ത്രി കെ.പി. രാജേന്ദ്രൻ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്

വയനാട്: സത്യൻ മൊകേരി