സംവിധായകർ ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നത് സർവസാധാരണമായി മാറിയിട്ടുണ്ട്. ഇനി നടന്മാർ സംവിധായകർ ആകുന്ന ട്രെൻഡിലേക്കും മലയാള സിനിമ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമാ രംഗത്തെ ഹാസ്യനടന്മാരിൽ തലമൂത്തയാളും സ്വതസിദ്ധമായ നർമ്മശൈലി കൊണ്ട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത ഹരീശ്രീ അശോകനാണ് ഏറ്റവും ഒടുവിൽ നടനിൽ നിന്ന് സംവിധായകനിൽ എത്തിയിരിക്കുന്നത്. അശോകൻ സംവിധാത്തിൽ ഹരീശ്രീ കുറിച്ച 'ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി' എന്ന സിനിമ പക്ഷേ, അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവരുമെന്ന് കരുതാൻ വയ്യ. കന്നി സംവിധാന സംരഭത്തിൽ തന്നെ കയ്പുനീര് കുടിക്കാനാണ് അശോകന്റെ വിധി.
മലേഷ്യയിലെ ബിസിനസ് മതിയാക്കി 50 കോടിയുടെ ഡയമണ്ടുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്ന മാധവന്റെ കഥയാണ് സിനിമ പറയുന്നത്. നാട്ടിലെത്തുന്ന മാധവൻ ഡയമണ്ട് സുരക്ഷിതമായി ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തലയിൽ തേങ്ങ വീണ് ഓർമ നഷ്ടമാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ഹരീശ്രീ അശോകൻ തന്റെ സിനിമയിലൂടെ.
സംവിധാന മികവ് എന്നത് ഒരു സിനിമയുടെ പ്രധാന ഘടകമാണ്. അതുപോലെ തന്നെയാണ് തിരക്കഥയും. പുതിയ തലമുറ സംവിധായകർ അരങ്ങ് വാഴുന്ന ഇക്കാലത്ത് പഴയ തലമുറയെ പിടിച്ചിരുത്തുന്ന തരത്തിലോ ആസ്വാദ്യകരമായ രീതിയിലോ ഒരു സിനിമ ഒരുക്കാൻ ഹരീശ്രീ അശോകന് കഴിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ പോരായ്മ. രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥയാകട്ടെ ശരാശരി നിലവാരം പോലും പുലർത്തുന്നുമില്ല. ഒരുവേള പ്രധാന പ്ളോട്ടായ ഡയമണ്ടിൽ നിന്ന് വഴിമറി സഞ്ചരിക്കുന്ന സിനിമ മറ്റ് പല കാര്യങ്ങളുമാണ് ചർച്ച ചെയ്യുന്നത്. ഇടയ്ക്കിടക്ക് മാധവന് ഓർമ്മശക്തി തിരിച്ചു വരുമ്പോൾ മക്കൾ അച്ഛനെ ഡയമണ്ടിന്റെ കാര്യം ഓർമ്മിപ്പിക്കും. അപ്പോൾ വീണ്ടും എന്തെങ്കിലും തലയിൽ വീണ് മാധവന്റെ സുബോധം പോയിരിക്കും. സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ്. മലേഷ്യൻ ബന്ധം മാറ്റി നിറുത്തിയാൽ ഈ സിനിമ ലോക്കലാണ്. എന്നാൽ, ലോക്കലിനും ഒരു നിലവാരമൊക്കെ കാണില്ലേ. സിനിമ കാണുന്നവർ കൂടുതൽ നേരവും ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് മുഴുകിയതെന്നാണ് നേർസാക്ഷ്യം.
ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, ദീപക് പറമ്പോൽ തുടങ്ങിയവർ സിനിമയുടെ ഭൂരിഭാഗവും അപഹരിക്കുന്ന കാഴ്ചയും കാണാനാകും. ഇവരാണ് തമാശയുടെ അടങ്കൽ എടുത്തിരിക്കുന്നതെന്ന് കരുതിയാൽ തെറ്റി, ആ ജോലി ഭംഗിയായി ചെയ്യുന്നത് എസ്.ഐയുടെ വേഷത്തിലെത്തുന്ന ബൈജുവും സ്കെച്ച് റോണി എന്നതല്ലുകൊള്ളി ഗുണ്ടയെ അവതരിപ്പിക്കുന്ന സുരേഷ് കൃഷ്ണയുമാണ്. പക്ഷേ, ചിലയിടത്ത് ഇരുവരും ഒരുപോലെ ഓവറാണെന്നത് മറ്റൊരു കാര്യം.
നന്ദുവാണ് മാധവനെ അവതരിപ്പിക്കുന്നത്. മനോജ് കെ.ജയൻ, ടിനി ടോം, സലിം കുമാർ, കലാഭവൻ ഷാജോൺ, ഇന്നസെന്റ്, കുഞ്ചൻ, ജാഫർ ഇടുക്കി, അബു സലീം, മാല പാർവ്വതി, ശോഭ മോഹൻ, നന്ദലാൽ, കുളപ്പുള്ളി ലീല കെടാമംഗലം വിനോദ്, ഏലൂർ ജോർജ് എന്നിങ്ങനെ വൻ താരനിര തന്നെ വന്നുപോകുന്നുണ്ട്. ഇവരിൽ പലർക്കും കാര്യമായ പണിയൊന്നുമില്ല. നായകനും നായികയുമെന്നൊക്കെ പറയാനുള്ളതൊന്നും സിനിമയിൽ ഇല്ല. രാഹുൽ മാധവ് നായകനായി അവതരിക്കുമ്പോൾ കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സുരഭി സന്തോഷ് നായികയാകുന്നു. മമിത ബൈജു, രേഷ്മ എന്നീ യുവനടിമാരും മറ്റു പ്രധാന റോളുകളിൽ എത്തുന്നു. മാധവന്റെ തനി ലോക്കൽ അളിയനായി ഹരീശ്രി അശോകൻ തന്നെ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോ ഗാനമായ പട്ടണം മാറീട്ടും പട്ടിണി മാറീട്ടും എന്ന ഗാനം ആലപിച്ചിരിക്കുന്നത് അശോകന്റെ മകൻ അർജുൻ അശോകനാണ്. മാത്രമല്ല. ക്ളൈമാക്സിൽ അർജുൻ മുഖം കാണിക്കുന്നുമുണ്ട്. ഗാനങ്ങളൊന്നും അത്ര മികച്ച അനുഭവം പകരുന്നില്ല.
വാൽക്കഷണം: ലോക്കൽ നിലവാരമെങ്കിലും വേണ്ടേ
റേറ്റിംഗ്: 1.5