jiins

കിളിമാനൂർ: പോങ്ങനാട് കിളിക്കോട്ടുകോണം ജിൻസി നിവാസിൽ ജിൻസിന്റെ (27) അസ്വാഭാവിക മരണം സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഊർജിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് മാതാവ് സേതുലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകി.

2013 നവംബർ 4നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. രാത്രി 7 മണിയോടെ മൂന്ന് സുഹൃത്തുക്കളുമായി ആട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കിളിക്കോട്ടുകോണം കോളനിക്കരികിൽ വച്ച് കോളനിവാസികളായ 7 പേർ ചേർന്ന് ജിൻസിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടെങ്കിലും ജിൻസിനെ കണ്ടെത്താനായില്ല. രാത്രി പതിനൊന്നരയോടെ കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി അടുത്തുള്ള കിണറ്റിൽ പരിശോധന നടത്തിയെങ്കിലും ജിൻസിനെ കണ്ടെത്തിയില്ല. എന്നാൽ പിറ്റേന്ന് രാവിലെ 9 ന് അതേ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. നീന്തലറിയാവുന്ന ജിൻസ് ഇത്രയും വിസ്തൃതമായതും മേൽമൂടിയുള്ളതുമായ കിണറ്റിൽ വീഴാനുള്ള സാദ്ധ്യതയില്ലെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇയാളുടെ ശരീരത്തിൽ ഇരുപത്തിനാലോളം മുറിവുകളും കണ്ടെത്തി. തുടർന്നാണ് കൊലചെയ്യപ്പെട്ടതാണെന്ന സംശയമുണ്ടായത്. കേസന്വേഷിച്ച

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല.ഇതിനിടെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് മകന്റെ ഘാതകരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.