സർക്കാർ ഉദ്യോഗസ്ഥന്മാർക്കിടയിലെ അഴിമതി കണ്ടുപിടിക്കാൻ വേണ്ടിയാണ് വിജിലൻസ് വകുപ്പ് രൂപീകരിച്ചിട്ടുള്ളത്. വല്ലപ്പോഴും മിന്നൽപരിശോധനകളും മുൻകൂർ ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചില്ലറ അറസ്റ്റുകളുമൊഴിച്ചാൽ വിജിലൻസിന്റെ പ്രവർത്തനങ്ങളിൽ വാഴ്ത്തത്തക്കതായി അധികമൊന്നും കാണുകയില്ല. രാഷ്ട്രീയമായി വളരെയധികം പരിമിതികളുള്ളതിനാൽ സൂക്ഷിച്ചും കണ്ടും വേണം വിജിലൻസ് ഉദ്യോഗസ്ഥർ മുന്നോട്ടുപോകാൻ. വലയിലാകുന്നത് ഉന്നതന്മാരാണെങ്കിൽ പറയുകയും വേണ്ട. ഇക്കഴിഞ്ഞദിവസം വിജിലൻസ് ഡയറക്ടർസ്ഥാനത്തുനിന്ന് വിരമിച്ച മുഹമ്മദ് യാസിൻ വിടവാങ്ങൽ പ്രസംഗത്തിൽ അഴിമതിക്കാരായ 80 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഒൻപത് മാസത്തിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇത്രയുംപേരെ കുടുക്കിയതത്രെ. കൈക്കൂലിവാങ്ങിയതിന്റെ പേരിൽ പതിനഞ്ചുപേരെയാണ് പിടികൂടിയത്. ഇരുപത്തഞ്ച് സർക്കാർ വകുപ്പുകളിൽ അഴിമതി കൂടുതലാണെന്നാണ് സ്ഥാനമൊഴിഞ്ഞ വിജിലൻസ് ഡയറക്ടറുടെ അനുഭവപാഠം. എന്നാൽ വിജിലൻസിന് പിടികൂടാനായ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം പരിശോധിച്ചാൽ ആർക്കും ചിരിവരുന്നതരത്തിലാണ് അതിന്റെ പ്രവർത്തന വൈഭവം.
സർക്കാർ ഒാഫീസുകളിലെ മെല്ലെപ്പോക്കാണ് കൈക്കൂലിയും അഴിമതിയും വളർത്തുന്നത്. എളുപ്പം കാര്യം സാധിച്ചുകിട്ടാൻ കൈമടക്കുനൽകാൻ ആളുകൾ തയ്യാറാകും. കൈക്കൂലി വാങ്ങുന്നത് ശീലമായാൽ പിന്നീട് അതില്ലാതെ ഒന്നും ചെയ്യുകയില്ലെന്ന് ശഠിക്കുന്നവരുണ്ട്. പൊതുജനങ്ങളുമായി സദാ ബന്ധപ്പെടുന്ന വകുപ്പുകൾ ഇക്കാര്യത്തിൽ എപ്പോഴും മുന്നിലായിരിക്കും. റവന്യൂ. ഗതാഗതം, രജിസ്ട്രേഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ജോലിഭാരത്താൽ വീർപ്പുമുട്ടുന്നവയാണ്.
ഇവിടങ്ങളിൽ പെട്ടെന്നു കാര്യം സാധിച്ചെടുക്കാൻ പലരും കൈക്കൂലിയെയാണ് ആശ്രയിക്കാറുള്ളത്. നിയമവും ചട്ടവുമൊക്കെ മറികടന്ന് അനുകൂല തീരുമാനമെടുക്കുന്നതിന് പിന്നിലും കാണാം അഴിമതിയുടെ സ്വാധീനം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗങ്ങൾ എവിടെയും കുപ്രസിദ്ധി നേടിയിട്ടുമുണ്ട്. അനവധി ആവശ്യങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്ന വില്ലേജ്-താലൂക്ക് ഒാഫീസുകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്നത് കൈക്കൂലി കേസിൽ ചിലർ പിടിക്കപ്പെടുമ്പോഴാണ്. ക്രമവിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി എത്തുന്നയാൾ സ്വാഭാവികമായും കൈക്കൂലി നൽകി കാര്യം സാധിച്ചെടുക്കാൻ ശ്രമിക്കും. സ്ഥാനമൊഴിഞ്ഞ വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടിയ അഴിമതി വിളയുന്ന ഇരുപത്തഞ്ചുവകുപ്പുകൾ ശുദ്ധിക്രിയ നടത്തി സൽപ്പേര് വീണ്ടെടുക്കേണ്ട ചുമതല സർക്കാരിനുണ്ട്. വിജിലൻസ് പരിശോധനയിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് നിയമാനുസൃതമുള്ള ശിക്ഷ ഉറപ്പാക്കുന്നതിൽ വരുന്ന കാലതാമസമാണ് കൈക്കൂലി കേസുകളെ ലഘുവായി കാണാൻ പലരെയും പ്രേരിപ്പിക്കുന്നത്. കോടതി നടപടികളിലുണ്ടാകുന്ന കാലതാമസവും എടുത്തുപറയേണ്ടതുണ്ട്.
സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ കാലതാമസമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ടതാണ്. ഭരണാധികാരികൾ കാലാകാലം ഇക്കാര്യം ജീവനക്കാരെ ഒാർമ്മിപ്പിക്കാറുമുണ്ട്. എന്നാൽ പൗരാവകാശം സംബന്ധിച്ച അവകാശ പട്ടിക ചുവരിൽ സ്ഥാപിച്ച് അതിന് കീഴെയിരുന്ന് ജനത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. ഫയലുകളിൽ മറഞ്ഞുകിടക്കുന്നത് മനുഷ്യരുടെ ജീവിത പ്രശ്നങ്ങളാണെന്നും തക്കതായ കാരണമില്ലാതെ ഒറ്റ ഫയൽ പോലും വച്ച് താമസിപ്പിക്കരുതെന്നും ഭരണാധികാരികൾ ഉപദേശിക്കാറുണ്ട്. സർവീസ് സംഘടനകളുടെ വാർഷിക യോഗങ്ങളിലും ഇത്തരം ഉപദേശങ്ങളും ഉദ്ബോധനങ്ങളും സുലഭമായി കേൾക്കാം. കാര്യമായ ഫലമൊന്നും ഉണ്ടാകാറില്ലെന്ന് മാത്രം. ഒാരോ വർഷാവസാനവും കെട്ടിക്കിടക്കുന്ന ഫയലുകളുടെ സംഖ്യ കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല.
വിജിലൻസ് വകുപ്പ് ഇൗ അടുത്ത കാലത്ത് സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളിൽ റെയ്ഡ് നടത്തി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും കണ്ടെടുത്തിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ നടപടിക്ക് സർക്കാരിന് ശുപാർശയും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആർക്കെങ്കിലുമെതിരെ എന്തെങ്കിലും നടപടി എടുത്തതായി കേട്ടില്ല. അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരമാണ് ഇതിലൊക്കെ കാണാൻ കഴിയുക. അഴിമതിക്കും കൈക്കൂലിക്കും സത്വര നടപടിയും ശിക്ഷയും ഉണ്ടാകുമെന്ന് ഉറപ്പാക്കിയാലേ ഇൗ സാമൂഹ്യ തിന്മയിൽ നിന്ന് ജനങ്ങൾക്ക് മോചനമുണ്ടാകൂ. മുൻ വിജിലൻസ് മേധാവി ചൂണ്ടിക്കാട്ടിയ ഇരുപത്തഞ്ചു വകുപ്പുകളെ അഴിമതി മുക്തമാക്കാൻ എന്തുചെയ്യാനാകുമെന്ന് സർക്കാർ ആലോചിക്കണം.