ഇന്ന് കേരളം ചർച്ചചെയ്യപ്പെടുന്നത് നവോത്ഥാനത്തെക്കുറിച്ചാണ്. മുമ്പെങ്ങും ഇല്ലാത്തവിധം എല്ലാവരും ഇതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നത് ശ്രീനാരായണ ഗുരുദേവൻ 131 വർഷങ്ങൾക്കുമുൻപ് കേരള നവോത്ഥാനത്തിന് നാന്ദി കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠയെക്കുറിച്ചാണ്.രക്തം ചിന്താതെ ആരേയും പ്രകോപ്പിപ്പിക്കാതെ സ്വന്തം നട്ടെല്ലിൽ നിവർന്നുനിൽക്കാമെന്ന് ശാസ്ത്രീയമായി ഗുരു നമ്മൾക്ക് കാട്ടിത്തന്നു. ആ ശക്തി അദ്ദേഹം നേടിയത് വർഷങ്ങളോളം നടത്തിയ തപസിൽനിന്നായിരുന്നു. ഗുരുവിഭാവനം ചെയ്ത നവോത്ഥാനം അറിവിന്റെ അടിത്തറയിൽ നിന്നുമായിരുന്നു.
എന്തിനുവേണ്ടിയാണ് നവോത്ഥാനം നമ്മൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ മനുഷ്യ ജീവിതത്തിൽ ശാന്തിയും സമാധാനവും സുഖവും നിലനിറുത്താൻ വേണ്ടിയാണെന്നും മനസിലാകും. ഇന്നത്തെ രാഷ്ട്രീയ സാംസ്കാരിക ആദ്ധ്യാത്മികരംഗം നിഷ്പക്ഷമായി നിരീക്ഷിക്കുമ്പോൾ ഇവിടെ സ്വാർത്ഥതയുടെ ഗോപുരങ്ങൾ നാം കണ്ടുമുട്ടുന്നു. വ്യക്തിയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സ്വാർത്ഥത നമ്മെ നശിപ്പിക്കും. അത് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്നത്തെ നവോത്ഥാന ചിന്തകൾക്കും പ്രവർത്തികൾക്കും ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള തേജോഗോളങ്ങൾ മാനവരാശിക്ക് നൽകിയ ഉൾക്കാഴ്ചയും ശക്തിയും ഉണ്ടോയെന്ന് നാം ചിന്തിക്കണം. ഇൗ തേജസ്വികൾ ജീവിച്ചത് ഒാരോ മനുഷ്യർക്കും മുൻവിധികളില്ലാത്ത സ്നേഹം പകർന്നുനൽകികൊണ്ടും സമഗ്രമായ അറിവ് പകർന്നും പ്രകൃതിയെ ജീവനു തുല്യം സ്നേഹിച്ചുമാണ്. ഇതൊന്നും ഇന്നത്തെ നേതാക്കൻമാരിൽ മേമ്പോടിക്കുപോലും ഇല്ലായെന്ന തിരിച്ചറിവ് നമ്മെ അതിശയിപ്പിക്കും.രാഷ്ട്രീയക്കാർക്കുവേണ്ടി കൊല്ലാനും കൊല്ലിക്കാനും മരിക്കാനും ഉള്ളതല്ല എന്ന തിരിച്ചറിവ് പകരുവാൻ പോലും ആളില്ലാതായല്ലോ എന്ന ഒരു തേങ്ങൽ ഹൃദയത്തിന്റെ ഉള്ളിൽനിന്നും എത്രയോനാളായി അലട്ടുന്നു. നമുക്ക് ഇതിൽനിന്നും ഒരു മോചനം വേണ്ടെ?
കേവലം ഒരു ശിവലിംഗ പ്രതിഷ്ഠയിലൂടെ മാത്രം ഗുരുവിന്റെ നവോത്ഥാനകാഴ്ചപ്പാട് അവസാനിപ്പിച്ചില്ല. തുടർന്ന് വിദ്യകൊണ്ടുമാത്രമേ മനുഷ്യൻ സ്വതന്ത്രനാകൂ എന്ന തത്വം തിരിച്ചറിഞ്ഞ ഗുരു, ഇൗ തത്വം സാമൂഹികമായും സാംസ്കാരികമായും ഭൗതികമായും മാനസികമായും അസ്വതന്ത്രരായിരുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുകയും അവർക്കുവേണ്ടി സംസ്കൃത വിദ്യാലയം ക്ഷേത്രാങ്കണത്തിൽ ആരംഭിക്കുകയും ചെയ്തു. തന്റെ ശിഷ്യരെ തന്നെ അദ്ധ്യാപകരായും നിശ്ചയിക്കുകയും ചെയ്തു. അതുപിന്നീട് പ്രശസ്തരായി തീർന്ന മഹാകവി കുമാരനാശാനും ദിവ്യശ്രീ ശിവലിംഗ ദാസ സ്വാമികളുമായിരുന്നു. സംസ്കാരം ഉണ്ടാകാൻ സംസ്കൃതം പഠിക്കണമെന്ന് ഗുരു പറയുകയുണ്ടായി. എവിടെ നിന്നാണ് സംസ്കാരം രൂപപ്പെടുന്നതെന്ന് ശ്രീനാരായണധർമ്മം എന്ന കൃതിയിൽ ശാസ്ത്രീയമായി ഗുരു വരച്ചുകാട്ടുന്നുണ്ട്. ഒരു സ്ത്രീ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ആ സ്ത്രീ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല, ഭർത്താവും അച്ഛനും അമ്മയും അമ്മായിഅമ്മയും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും എങ്ങനെ ഇവരോട് പെരുമാറണമെന്ന്. ആ സ്ത്രീയുടെ മനസിനെ ദുഃഖിപ്പിക്കുന്ന, ടെൻഷൻ ഉണ്ടാക്കുന്ന, ഭയപ്പെടുത്തുന്ന ഒന്നുംതന്നെ ഉണ്ടാകരുതെന്നും ഗുരു നിഷ്കർഷിക്കുന്നു.
'ബ്രഹ്മസത്യം ജഗത്മിഥ്യാ" എന്ന അദ്വൈത വേദാന്തത്തെ സ്വജീവിതത്തിൽ സാക്ഷാത്കരിച്ച ഋഷിമാരാണ് യഥാർത്ഥത്തിൽ മാനവരാശിയെ നയിച്ചിരുന്നത്. എന്നാൽ ഇൗ അറിവിന്റെ അഭാവത്തിൽ മാനവരാശിയെ ആരൊക്കെ അവരുടെ സ്വാർത്ഥതയെ മുൻനിറുത്തി ഭരിക്കാൻ ശ്രമിച്ചിട്ടുണ്ടോ, അവിടെയെല്ലാം സംഘർഷങ്ങളും കൂട്ടക്കൊലകളും നാം കാണുന്നു. നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചുകേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ എത്ര കൊലപാതകങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. എന്തിനുവേണ്ടി? ആർക്കുവേണ്ടി? അന്ധവിശ്വാസം എന്നത് മതപരമായ കാര്യങ്ങളിൽ മാത്രം ഉള്ളതെന്നാണ് പുരോഗമന വാദികളെന്ന് അഭിമാനിക്കുന്ന രാഷ്ട്രീയക്കാർക്ക് ഉള്ളത്. അത് തെറ്റാണ്. കാരണം ഓരോ പാർട്ടിയിലും അവരുടെ ചിന്തകൾ മാത്രം ശരിയെന്ന് അവർ വിശ്വസിക്കുന്നു. അതും അന്ധവിശ്വാസമാണ്. അല്ലെങ്കിൽ ഇവിടെ അരുംകൊലകൾ നടക്കില്ലല്ലോ. ഈ മനോഹരമായ കൊച്ചുഭൂമിയിൽ അല്പകാലം മാത്രം വന്നുപോകുന്ന ഈ ശരീരത്തിൽ കുടികൊള്ളുന്ന ജീവന്റെ ഊർദ്ധഗതിയെ കരുതി സ്നേഹത്തോടെ വസിച്ചുകൂടെ? എന്തിന് ഈ കോലാഹലം ക്രൂരത?
അരുവിപ്പുറത്ത് 131-ാമത് മഹാശിവരാത്രി ആഘോഷിക്കുമ്പോൾ ഇന്നത്തെ മനുഷ്യസമൂഹം നവോത്ഥാനം കൊണ്ട് പ്രകൃതിയെയും മനുഷ്യനേയും എങ്ങനെയാണ് കാണുന്നതെന്ന് തിരിച്ചറിയേണ്ടതല്ലേ?'ലോകത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായ ലക്ഷണമൊത്ത രണ്ട് ശിവലിംഗങ്ങളിൽ ഒന്നാണ് ശ്രീനാരായണഗുരുദേവൻ നമ്മൾക്കുവേണ്ടി ശങ്കരൻകുഴിയിൽ നിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചുനൽകിയത്. ഇതുവരെയും പുനഃപ്രതിഷ്ഠ വേണ്ടിവരാത്ത പ്രതിഷ്ഠയാണത്. ഇതിന്റെ അപൂർവതയും മഹത്വവും തിരിച്ചറിയാത്ത ഉപരിപ്ളവമായി ചിന്തിക്കുന്നവർക്കും ഇത് വെറുമൊരു പാറക്കഷ്ണമാണ്. ഇങ്ങനെയുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് സദ്ബുദ്ധി വരട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. എല്ലാവർഷവും ശങ്കരൻകുഴിയിൽനിന്നും 1008 കുടം ജലമെടുത്ത് ഭക്തർ നിരനിരയായി നിന്ന് ക്ഷേത്രത്തിന് വലംവച്ച് പരമഗുരു പ്രതിഷ്ഠ നടത്തിയ ബ്രഹ്മമുഹൂർത്തത്തിൽ അവസാനിക്കുന്ന രീതിയിൽ അഭിഷേകം നടത്തുന്നുണ്ട്. തീർച്ചയായും നമ്മുടെ സകല ദുഃഖങ്ങളെയും ദുരിതങ്ങളെയും ഭഗവത്പാദങ്ങളിൽ സമർപ്പിക്കുവാനുള്ള ഒരു സുവർണാവസരമാണിത്. 'മനമലർ കൊയ്ത് മഹേശപൂജ ചെയ്യാൻ സാധിക്കാത്തവർക്കാണ് വനമലർ കൊയ്ത് പൂജ ചെയ്യേണ്ടത് ". നമ്മുടെ അന്തരംഗത്തെ ഉണർത്തുന്ന ബ്രഹ്മമുഹൂർത്തമാക്കി ഇൗ ശിവരാത്രിയെ മാറ്റിയെടുക്കാം. അങ്ങനെ നാം ശ്രദ്ധയുള്ളവരായി ഇൗ മനുഷ്യജന്മം കൃതകൃത്യമാക്കുവാൻ കല്പകവൃക്ഷക്കനിയെ ഭക്ഷിച്ച് ആത്മാരാമൻമാരായി ശാന്തരായി ശാശ്വത സുഖം അനുഭവിക്കുന്നവരായി ഭവിക്കാം. പരം ജ്യോതിസായിരിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ കൃപാകടാക്ഷത്തിൽ നമ്മുടെ ഹൃദയം തുറക്കാം.
(ശിവഗിരിമഠം ജനറൽ സെക്രട്ടറിയാണ് ലേഖകൻ)