വെള്ളറട : ഗ്രാമങ്ങളിൽ തെരുവ് നായ്ക്കൾ പെറ്റുപെരുകാൻ തുടങ്ങിയതോടെ അവ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാതായതോടെ ജനം ഭീതിയിലാണ് കഴിയുന്നത്. നാളുകൾ കഴിയുംതോറും തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇവയെ പിടികൂടാനും നടപടിയില്ല. മലയോര ഗ്രാമപഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ പിടികൂടാനും നിയന്ത്രിക്കാനും ഉള്ള പ്രവർത്തനങ്ങൾ നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് പേവിഷബാധ ഉണ്ടെന്ന സംശയവും നാട്ടുകാർക്കുണ്ട്. തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരും കുറവല്ല. മലയോര ഗ്രാമങ്ങളിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. വീടുകളിൽപോലും നായ്ക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. മത്സ്യ ചന്തകളിലും കശാപ്പുശാലകളിലും പരിസരങ്ങളിലും കൂട്ടമായി നൽക്കുന്ന തെരുവുനായ്ക്കളെ കാണാം. സന്ധ്യകഴിഞ്ഞാൽ ഗ്രാമവീഥികളെല്ലാം തെരുവ് നായ്ക്കളെകൊണ്ട് നിറയും. നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും. സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടിവെണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്. നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ കൂടുതൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഭീതികൂടാതെ പുറത്തിറങ്ങി നടക്കാൻ പോലും കഴിയാതെ ജനം വിഷമിക്കുമെന്ന് ഉറപ്പാണ്.
റോഡരികിലെ മാലിന്യം നിക്ഷേപ കേന്ദ്രങ്ങളിൽ ഒത്തുകൂടുന്ന തെരുവ് നായ്ക്കൾ കാരണം ആർക്കും ഇതുവഴി നടക്കാൻ പോലും കഴിയാറില്ല. ഇരു ചക്ര വാഹന യാത്രക്കാരും പേടിച്ചാണ് യാത്ര. വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് കാരണം പല ബൈക്ക് യാത്രക്കാരും റോഡിൽ മറിഞ്ഞുവിഴും. വീഴ്ചയിലുണ്ടാകുന്ന പരിക്കുകൾക്ക് പുറമെ നായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതും പതിവാണ്. പലരും കഷ്ടിച്ചാണ് രക്ഷപെടുന്നത്.
നായ്ക്കളുടെ ക്രമാതീതമായ വർദ്ധനവ് തടയാൻ പെൺ നായ്ക്കളെ പിടികൂടി വദ്ധ്യകരണം ചെയ്യാൻ നടപടി എടുത്തെങ്കിലും അതും നടപ്പിലായില്ല. നായ്ക്കൾക്ക് വദ്ധ്യകരണം നടത്തിയിരുന്നെങ്കിൽ ഒരു പരിധിവരെ നായ്ക്കളുടെ പെരുപ്പം തടയാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പക്ഷം.
മുൻപ് വർഷത്തിലൊരിക്കൽ നായ്ക്കളെ പിടികൂടി കൊല്ലാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമായിരുന്നു. എന്നാൽ മൃഗസ്നേഹികൾ രംഗത്തെത്തിയതോടെ അത് നിലച്ചു. പകരമാണ് നായ്ക്കലം വദ്ധ്യംകരിക്കാൻ തീരുമാനിച്ചത്. എന്നാൽ അതും പാതിവഴിയിൽ നിലച്ചു.