കാട്ടാക്കട: താലൂക്ക് ആസ്ഥാനമായ കാട്ടാക്കടയിൽ ഡി.വൈ.എസ്.പി ഓഫീസിന്റെയും ട്രാഫിക് പൊലീസ് സ്റ്റേഷന്റെയും പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കാട്ടാക്കട പൊലീസ് സ്റ്റേഷനോട് ചേർന്ന് ഡി.വൈ.എസ്.പി ഓഫീസ് തുടങ്ങാൻ സൗകര്യമുണ്ടെങ്കിലും കെട്ടിടമില്ലെന്ന കാരണത്താൽ നടപടി വൈകുകയാണ്.
കൂടാതെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തത് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. താലൂക്ക് ആസ്ഥാനം ഉൾപ്പടെ നിരവധി സർക്കാർ സ്ഥാപനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ടും സ്റ്റേഷൻ അത്യന്താപേക്ഷിതമായ ഇവിടെ കാര്യങ്ങൾ എങ്ങുമെത്തുന്നില്ലെന്നാണ് പരാതി.
കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ എയ്ഡ്പോസ്റ്റിലും പൊലീസുകാരില്ലാതായിട്ട് നാളുകളായി. പലപ്പോഴും മോഷണവും പിടിച്ചുപറിയുമെല്ലാം കഴിഞ്ഞ ശേഷമാണ് പൊലീസെത്തുക.പൊലീസുകാരെയാണ് ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.ചില അവസരങ്ങളിൽ പൊലീസില്ലാത്തതിനാൽ ട്രാഫിക് ഡ്യൂട്ടി ചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്.
തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ട്രാഫിക് സ്റ്റേഷൻ സ്ഥാപിച്ച് ഡ്യൂട്ടി ക്രമപ്പെടുത്തണമെന്നാണ് നാട്ടുകാരും പറയുന്നത്.കാട്ടാക്കട പോലുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സർക്കിൾ ഇൻസ്പെക്ടർമാർക്ക് ചുമതല നൽകിയതിനാലാണ് ഡി.വൈ.എസ്.പി ഓഫീസിന്റെ പ്രവർത്തനം തുടങ്ങാൻ വൈകുന്നത്. പുതിയ ഓഫീസുകൾ തുടങ്ങാനുള്ള പട്ടികയിൽ കാട്ടാക്കടയും പരിഗണയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നിലവിൽ വേണ്ട പൊലീസുകാർ: 15
നട്ടംതിരിഞ്ഞ് ഉദ്യോഗസ്ഥർ
കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചപ്പോഴുള്ള പൊലീസുകാർ മാത്രമാണ് ഇപ്പോഴും ഉള്ളത്. സ്റ്റേഷൻ ജോലികൾ കൂടാതെ മറ്റ് ജോലികളും ഇവർതന്നെയാണ് ചെയ്യേണ്ടത്.അതിനാൽ സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തെ ഇത് ബാധിക്കുന്നു.
അവതാളത്തിലായി ട്രാഫിക്
രാവിലെയും വൈകിട്ടും തിരക്കുകാരണം ട്രാഫിക് നിയന്ത്രണവും അവതാളത്തിലാകുകയാണ് . ടൗണിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാനും ആളില്ലാത്ത അവസ്ഥയാണ്.
പ്രധാന പോയിന്റുകളിൽ ട്രിഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ അതൊന്നും പാലിക്കാറില്ല.
തിരക്കേറിയ കാട്ടാക്കട ടൗണിൽ രണ്ടോ മൂന്നോ ഹോം ഗാർഡുകളെ മാത്രമാണ് നിയോഗിക്കുന്നത്. ഗതാഗതം സുഗമമാക്കാൻ ട്രാഫിക് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.