തിരുവനന്തപുരം: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ എട്ടടി ഉയരത്തിലുള്ള വെങ്കല പ്രതിമ തലസ്ഥാനത്ത് അടുത്ത ജയന്തി നാളായ സെപ്തംബർ ആറിനകം അനാവൃതമാവും. ഗുരുദേവന്റെ ചരിത്ര പ്രസിദ്ധമായ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാനത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം ഇതോടെ യാഥാർത്ഥ്യമാവും.
കനകക്കുന്ന് കൊട്ടാരത്തിന് എതിർ വശം വാട്ടർ അതോറിട്ടിയുടെ കൽമണ്ഡപത്തിന് ചുറ്രുമുള്ള പ്രദേശത്ത് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 20 സെന്റ് ഇതിനായി കൈമാറി.
ഗ്രാനൈറ്റ് പാകിയ പത്തടി ഉയരത്തിലുള്ള പീഠത്തിന് മുകളിലാവും എട്ടടി ഉയരത്തിലുള്ള പ്രതിമ. പ്രകൃതി സൗന്ദര്യത്തിന്റെ ഉപാസകനായിരുന്ന ഗുരുദേവന്റെ പ്രതിമയെ ചുറ്റിയുള്ള പാർക്കിനെ, പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടങ്ങളും ഒരുക്കി കമനീയമാക്കും ചുറ്രുമതിലിൽ അരുവിപ്പുറം ശിവപ്രതിഷ്ഠ ഉൾപ്പെടെ ഗുരുദേവനുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങൾ ചിത്രങ്ങളാവും.
ഗുരുദേവ പ്രതിമയുടെയും പാർക്കിന്റെയും നിർമ്മാണത്തിന് ചെലവ് ഒരു കോടി 19 ലക്ഷം രൂപയാണ്. ഇതിൽ 39 ലക്ഷം രൂപ വെങ്കല പ്രതിമയ്ക്കും 80 ലക്ഷം രൂപ പാർക്കിനുമാണ്. തുക അനുവദിച്ച് സാംസ്കാരിക വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പ്രശസ്ത യുവ ശില്പി ഉണ്ണി കാനായിയാണ് പ്രതിമയും പീഠവും നിർമ്മിക്കുന്നത്. പ്രതിമ നിർമ്മാണം ആരംഭിച്ചതായി സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ പറഞ്ഞു.
ഗുരു കടാക്ഷം: ഉണ്ണി കാനായി
ഗുരുദേവ പ്രതിമ നിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയത് ഗുരുവിന്റെ കടാക്ഷമാണെന്ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാനായി സ്വദേശിയായ ഉണ്ണി കാനായി പറഞ്ഞു. ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങളും ഗുരുദേവന്റെ ചിത്രങ്ങളും ഹൃദിസ്ഥമാക്കിയ ശേഷമാണ് നിർമ്മാണം തുടങ്ങിയത്. കളിമണ്ണിലാണ് ഇപ്പോൾ പണി നടക്കുന്നത്. മെഴുകിലുള്ള മോൾഡ് രൂപപ്പെടുത്തും മുമ്പ് അനുഗ്രഹം തേടി ചെമ്പഴന്തി, അരുവിപ്പുറം, ശിവഗിരി തുടങ്ങിയ പുണ്യകേന്ദ്രങ്ങളിൽ പോകും.
39 കാരനായ ഉണ്ണിയുടെ കരവിരുതിൽ രൂപപ്പെട്ട ഇരുപതിലേറെ പ്രശസ്ത വ്യക്തികളുടെ പ്രതിമകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിജി (പയ്യന്നൂർ), എ.കെ.ജി (തിരുവനന്തപുരം പൊട്ടക്കുഴി), ഡോ. എ.പി.ജെ. അബ്ദുൾ കലാം (തലയോലപ്പറമ്പ്), കെ. കരുണാകരൻ (തൃശൂർ), വൈക്കം മുഹമ്മദ് ബഷീർ (കാസർകോട്) എന്നിവരുടെ പ്രതിമകൾ ഇതിൽപ്പെടുന്നു.