തുഷാർ മത്സരിക്കാൻ സമ്മർദ്ദം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക തയ്യാറായതായി അറിയുന്നു. തൃശൂർ,ആലത്തൂർ, എറണാകുളം, വയനാട്, ഇടുക്കി മണ്ഡലങ്ങളിലാവും പാർട്ടി മത്സരിക്കുക.
ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും ചർച്ചചെയ്ത് തയ്യാറാക്കിയ പട്ടികയാണ് സംസ്ഥാന കൗൺസിലിന് സമർപ്പിച്ചത്. അതേസമയം, സംഘടനാ പ്രതിനിധികൾക്ക് പുറമെ മണ്ഡലത്തിൽ സ്വാധീനമുള്ള പൊതുസമ്മതരെയും സ്ഥാനാർത്ഥികളാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം. ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാടും മതന്യൂനപക്ഷ വിഭാഗങ്ങളുമായും ചില ക്രിസ്ത്യൻ വിഭാഗങ്ങളുമായുള്ള അടുത്ത ബന്ധവും തുഷാറിന് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ. സ്ഥാനാർത്ഥിയാവാൻ വലിയ സമ്മർദ്ദമാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെലുത്തുന്നത്. അമിത് ഷാ കേരളത്തിലെത്തിയപ്പോൾ തുഷാറുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നു. സംസ്ഥാന നേതൃത്വവും തുഷാറിന്റെ സ്ഥനാർത്ഥിത്വം എൻ.ഡി.എയ്ക്ക് ഗുണകരമാവുമെന്ന അഭിപ്രായത്തിലാണ്. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടാണ് തുഷാർ ഇതുവരെ പ്രകടിപ്പിച്ചിട്ടുള്ളത്. പാർട്ടിയും ബി.ജെ.പി നേതൃത്വവും സമ്മർദ്ദം തുടർന്നാൽ തീരുമാനം മാറ്റിക്കൂടായ്കയില്ല.
ആലത്തൂരിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ബാബു എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എറണാകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. റിജോ നെരിപ്പുകണ്ടം, ബി.ഡി.ജെ.എസ് വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സംഗീതാ വിശ്വനാഥൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന കൗൺസിലിന് നൽകിയിട്ടുള്ളത്.
വയനാട്ടിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്ത്യാട്ട്, സംസ്ഥാന സെക്രട്ടറി ഷാജി ബത്തേരി എന്നിവരാണ് പരിഗണനയിൽ. ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, അനിൽ തറനിലം എന്നിവരാണ് ഇടുക്കി ലിസ്റ്റിലുള്ളത്. അടുത്ത ആഴ്ചയോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവും.