ആധുനികകേരളത്തിന്റെ ഭാവിശ്രേയസിന് വഴിയൊരുക്കിയ രണ്ടു മഹാശിവരാത്രികളാണ് 1888 ലെയും 1924 ലെയും ശിവരാത്രികൾ. ദൈവത്തിന്റെ പേരിൽ സർവാധിപത്യം പുലർത്തിയിരുന്നവരും പൗരോഹിത്യത്തിന്റെ പേരിൽ സർവമേധാവിത്വം അവകാശപ്പെട്ടിരുന്നവരുമായ സവർണ ന്യൂനപക്ഷത്തിന്റെ മാനവികേതരമായ പാരമ്പര്യവും വിവേചനാധികാരവും നിഷ്പ്രഭമാക്കപ്പെട്ടത് ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയിലൂടെയായിരുന്നു. 1888 ലെ ശിവരാത്രി നാളാണ് ഗുരുദേവതൃപ്പാദങ്ങൾ സാമൂഹ്യവും ദാർശനികവുമായ ഈ നവോത്ഥാനത്തിന്റെ കെടാവിളക്ക് തെളിക്കുവാനായി തിരഞ്ഞെടുത്തത്. മംഗളസ്വരൂപിയായ ശിവഭഗവാനെ ഭജിച്ചും സ്മരിച്ചും ധ്യാനിച്ചും രാവിനിരിക്കുവാൻ ഇടമില്ലാതാക്കുന്ന ആ ദിനം തന്നെ ആരാധനാസ്വാതന്ത്ര്യത്തിന്റെ അനുഭവ മഹിമയിലേക്ക് ജനങ്ങളെ ആനയിക്കാൻ തിരഞ്ഞെടുത്തതിനു പിന്നിൽ ഗുരുദേവന്റെ കൃത്യവും മനഃശാസ്ത്രപരവുമായ ഒരു കാഴ്ചപ്പാടുണ്ട്.
വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും വിശുദ്ധിയിലൂടെ ഉണ്ടാകുന്ന മാനസിക പരിവർത്തനം ഏതൊരു പൗരോഹിത്യാധിപത്യത്തെയും ചെറുക്കാനും മറികടക്കാനുമുള്ള ഉൾക്കരുത്തും ആത്മധൈര്യവും നല്കും. ഇങ്ങനെ ജനങ്ങളെ സ്വച്ഛവും സ്വാതന്ത്രവുമാക്കുന്ന പരിവർത്തനത്തിന്റെയും അഭ്യുദയത്തിന്റെയും തത്ത്വശാസ്ത്രമാണ് ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠയിൽ ആലേഖനം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയെന്നത് കേവലം പുരാണപ്രസിദ്ധനായ ശിവഭഗവാന്റെ വെറുമൊരു പ്രതിഷ്ഠയല്ല, മറിച്ച് ദൈവികതയിൽ മാനവികതയെയും മാനവികതയിൽ ദൈവികതയെയും ഭദ്രമായി ഉള്ളടക്കം ചെയ്തു bച്ചിരിക്കുന്ന ഒരു തത്ത്വദർശനം ആ പ്രതിഷ്ഠയിലുണ്ട്. ഈ ദാർശനികാധിഷ്ഠാനമാണ് അരുവിപ്പുറം പ്രതിഷ്ഠയെ ഇതര ശിവപ്രതിഷ്ഠകളിൽ നിന്നും കാലാനുരൂപവും ലോകാനുരൂപവുമാക്കി മാറ്റുന്നത്. ഈ അമേയത സൃഷ്ടിച്ച ദാർശനിക നവോത്ഥാനമണ്ഡലത്തിൽ നിന്നാണു ആധുനികകേരളത്തിന്റെ ചരിത്രവും സംസ്കാരവും നീതിശാസ്ത്രവും രൂപപ്പെട്ടുവന്നതെന്ന യാഥാർത്ഥ്യം ഇനിയും നമ്മുടെ ചരിത്രകാരന്മാർ വേണ്ടുംവണ്ണം ഉൾക്കൊണ്ടിട്ടില്ല. അതുകൊണ്ടാണ് ചില ആധുനികചരിത്രകാരന്മാർ ഇപ്പോഴും ഗുരുവിന്റെ നവോത്ഥാനമണ്ഡലത്തെ കേവലം സാമൂഹ്യപരിഷ്കരണത്തിന്റെ കളത്തിലൊതുക്കി വയ്ക്കുവാൻ ശ്രമിക്കുന്നത്. ഇവരുടെ കണ്ണ് വസ്തുബോധം നല്കുന്ന വെളിച്ചത്തിലല്ല മറിച്ച് വസ്തുഭേദം നല്കുന്ന വിളക്കിലാണ് . വിളക്കിനെ എത്ര നിർവചിച്ചാലും അത് വെളിച്ചത്തിന്റെ നിർവചനമാകാതിരിക്കുന്നതുപോലെയാണിത്.
''നടനം ദർശനമായാ-
ലുടനേതാനിങ്ങിരുന്നു നടുനിലയാം,
നടുനിലതന്നിലിരിക്കും
നെടുനാളൊന്നായവന്നു സൗഖ്യം താൻ.""
ഈ പ്രപഞ്ചത്തിൽ പേരും പ്രതിഭയുമായി വിലസുന്ന അനേകകോടി ചരാചരങ്ങളുണ്ട്. അവയുടെ ഓരോന്നിന്റെയും സ്വരൂപം വേർതിരിച്ചറിയുക ഒരാൾക്കും സാദ്ധ്യമല്ല. എന്നാൽ അവയിലെല്ലാമിരിക്കുന്ന സത്തയുടെ അദ്വയമഹിമ ഒരുവനു അറിയാനും അനുഭവിക്കാനും കഴിയും. അതിനായാൽ അവനു എല്ലാ പ്രപഞ്ചവസ്തുക്കളിലുമിരിക്കുന്ന സത്തയിൽ നിന്നും വേറല്ല താൻ എന്നു ബോധ്യപ്പെടും. ഈ സാക്ഷീബോധത്തിനാണ് 'നടുനില" എന്നു ഗുരുദേവൻ പറയുന്നത്. ആ നടുനില കൈക്കൊള്ളുന്ന ഏതൊരുവനും അവസാനമില്ലാത്ത ആനന്ദം അനുഭവിക്കാമെന്നാണു ഗുരുദേവൻ സ്വാനുഭവഗീതിയിലെ ഈ ശ്ലോകത്തിലൂടെ വെളിപ്പെടുത്തുന്നത്.
വാസ്തവത്തിൽ ഈയൊരു നടുനിലയിലേക്ക് മനുഷ്യന്റെ ബോധത്തെയും ബുദ്ധിയെയും ഉണർത്തി ആ ജാഗ്രതയിൽ നിന്നും മാറാതെ ഇരിക്കുന്നതിനു അവനെ പ്രാപ്തനാക്കുക എന്നതാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ ദാർശനികപാഠം. ആ ഉൾക്കാഴ്ചയാണു അരുവിപ്പുറം സന്ദേശത്തിൽ നിറഞ്ഞു കവിയുന്നത്.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്
അരുവിപ്പുറത്തെ ഓരോ ശിവരാത്രികളും നമ്മെ ഓർമ്മിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും ഗുരുദേവൻ വിഭാവനം ചെയ്ത വിശ്വമാനവികതയുടെ ഈ തത്ത്വദർശനം അനുഭവിക്കാനാണ്. അപ്പോഴാണു ആരാധനാസ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവ് കൊണ്ട് നാം സ്വയം പരിവർത്തനപ്പെടുന്നത്. അതാണു ശരിയായ നവോത്ഥാനം.
എന്നാൽ ഈ നവോത്ഥാനത്തിന്റെ വിശാലതയിലേക്കും പരിപൂർണതയിലേക്കും മനുഷ്യനു കടക്കാനാവാത്തവിധം മതങ്ങളുടെ അതിരുകൾ വീണുകിടക്കുന്നത് ഗുരുദേവൻ കണ്ടു. വിഭിന്നങ്ങളായ മതബോധനങ്ങൾ കൊണ്ടു പടുത്തുയർത്തപ്പെട്ടിട്ടുള്ള ഈ അതിരുകളെ ഭേദിക്കുക എളുപ്പമായിരുന്നില്ല. വാദിക്കാനും ജയിക്കാനുമുള്ള മതപുരോഹിതന്മാരുടെയും അനുയായികളുടെയും ആവേശമായിരുന്നു അതിനു കാരണം. അതാണു തങ്ങളുടെ മതപരമായ ദൗത്യമെന്നു ചിന്തിച്ചുറപ്പിച്ചിരിക്കുന്നവരായിരുന്നു അവരെല്ലാം. ശരിയായ മതബോധനം കൊണ്ടും അറിവിന്റെ നേരായ വിനിമയം കൊണ്ടും മാത്രമേ മതദ്വേഷത്തെ മറികടക്കാനാവുകയുള്ളു എന്ന ഋഷിബോധത്തിൽ നിന്നാണ് 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ' എന്ന വിജ്ഞാപനത്തോടെ ആലുവാ അദൈ്വതാശ്രമത്തിൽ വച്ച് സർവമതസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അരുവിപ്പുറം പ്രതിഷഠ കഴിഞ്ഞു മൂന്നു വ്യാഴവട്ടക്കാലത്തിനുശേഷമാണ് 1924 ൽ സർവമതസമ്മേളനം നടന്നത്.
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നും അതിന്റെ വെളിച്ചത്തിൽ ആർക്കും മതങ്ങളുടെ പേരിൽ അതിരിടാനാവില്ലെന്നും ഈ ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണു ഗുരുദേവൻ സർവമത സമ്മേളനം സംഘടിപ്പിച്ചത്. അതിനു തിരഞ്ഞെടുത്തതും ഒരു ശിവരാത്രിയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. മംഗളം ഭവിക്കുന്നത് സമതയുടെ പൂർണതയിലാണെന്ന മനശ്ശാസ്ത്രവീക്ഷണമാവാം ഇതിനു കാരണം. ഇങ്ങനെ രണ്ടു ശിവരാത്രികൾ കൊണ്ടുണ്ടാക്കിയ സമതയുടെ പൂർണതയിലാണ് മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുവാനും സ്വച്ഛപ്പെടുത്തുവാനും ഗുരുദേവൻ അഭിലഷിച്ചത്. അതുകൊണ്ടുതന്നെ അതിന്റെ തുടർച്ചയൊരുക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയും കർത്തവ്യവുമാണ്. അതു പാലിക്കുമ്പോഴാണ് നാം ഗുരുദേവനോടു ചേർന്ന് നില്ക്കുന്നവരാകുന്നതും നമ്മുടെ ഗുരുപൂജ പൂർണമാകുന്നതും.