ജമ്മുകാശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14 ന് പരിശീലനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന 2547 ജവാൻമാരുടെ വാഹന വ്യൂഹത്തിനുനേരേ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ജയ്ഷെ ഭീകരർ ചാവേറാക്രമണം നടത്തിയത്. ആ ഭീകരാക്രമണത്തിൽ മലയാളി സൈനികൻ വസന്തകുമാർ അടക്കം 40 പേരാണ് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചത്. ജയ്ഷെ മുഹമ്മദ് ലഷ്കർ തോയിബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകൾക്ക് പാകിസ്ഥാന്റെ മണ്ണിൽ എല്ലാവിധത്തിലുമുള്ള സുരക്ഷ ഒരുക്കി ഇന്ത്യയെ ഛിന്നഭിന്നമാക്കുവാനുള്ള പാക്കിസ്ഥാന്റെ നിലപാടുകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജയ്ഷെ ഭീകരരുടെ പുൽവാമ ആക്രമണം. 2016 ൽ ഉറിയിലെ സേനാക്യാമ്പ് ആക്രമിച്ച് 23 ജവാൻമാരെ വധിച്ചശേഷം ജമ്മു കാശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണം. പിറന്ന നാടിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരിൽ വയനാട്ടിലെ വസന്തകുമാർ എന്ന മലയാളിയും ഉണ്ടായിരുന്നു. ഈ സൈനികരുടെ വീരമൃത്യു നമ്മെ സംബന്ധിച്ചിടത്തോളം അത്യന്തം വേദനാജനകവും ദു:ഖകരവുമാണ്. ഇത് കോടിക്കണക്കായുള്ള ഭാരതീയരോടുള്ള പാകിസ്ഥാന്റെ വെല്ലുവിളിയാണ്. ഇത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാവുന്നതോ ക്ഷമിക്കാവുന്നതോ അല്ല.
ഇത്തരം സ്ഥിതിവിശേഷം ഉണ്ടാകുമ്പോൾ ഇന്ത്യാ മഹാരാജ്യം ഒന്നാണെന്ന് നാം പല തവണ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴും ആ നിലയിൽ തന്നെ എല്ലാ രാഷ്ട്രീയ കക്ഷികളും മറ്റെല്ലാ വിഭാഗം ജനങ്ങളും പരസ്പരമുള്ള അഭിപ്രായ ഭിന്നതകളും തർക്കങ്ങളും എല്ലാം മാറ്റിവച്ചുകൊണ്ട് സർക്കാരിനും സൈന്യത്തിനും പൂർണപിൻതുണ നൽകി എന്നുള്ളതാണ് നമ്മുടെ ദേശസ്നേഹത്തിന്റെ അചഞ്ചലമായ കാഴ്ചപ്പാട്. ദേശീയ ഗാനത്തിന്റേയും ദേശീയ പതാകയുടെയും പേരിലുള്ള വിവാദമല്ലിത്. മറിച്ച് മാതൃരാജ്യത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ബിഗ് സല്യൂട്ട് ആണ്. അതാണ് ദേശസ്നേഹം. അതാവണം ഓരോ പട്ടാളക്കാരന്റേയും ശക്തി. , ഭീകരാക്രമണം നടത്തി കൃത്യം 12-ാമത്തെ ദിവസം ശത്രുവിന്റെ മടയിൽ ചെന്ന് അവിടം തകർത്ത് തരിപ്പണമാക്കിയെങ്കിൽ അതാണ് നമ്മുടെ സേന. അവിടെയാണ് ഈ രാജ്യത്തിന്റെ സുരക്ഷ. അതാണ് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം. നമ്മുടെ സൈന്യത്തിന്റെ കൃത്യമായ ആസൂത്രണ മികവും പ്രഹരശേഷിയും ലോകത്തിനു മുന്നിൽ വെളിവാക്കുന്നതായിരുന്നു ആ സൈനിക നടപടി. ഇതിൽ ഒരിക്കലും പാക്കിസ്ഥാൻ പ്രകോപിതരാകേണ്ട കാര്യമില്ല.
ഇന്ത്യ ഒരു നിയമലംഘനവും നടത്തിയിട്ടില്ല. പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധ ഭീകര ക്യാമ്പുകൾ മാത്രമാണ് ആക്രമിച്ചത്. ഇന്ത്യയിൽ ഒരു തരത്തിലുള്ള അന്താരാഷ്ട്ര ഭീകര ക്യാമ്പുകളും പ്രവർത്തിക്കുന്നില്ല. അതുകൊണ്ടു തന്നെ പാക്കിസ്ഥാൻ തിരിച്ചാക്രമിക്കേണ്ട സാഹചര്യവുമില്ല. അല്ലാതെ ആ രാജ്യത്തെ ഭരണാധികാരികളുടെ നിലനിൽപ്പിനു വേണ്ടി നമ്മുടെ നാടിനെ ആക്രമിക്കാൻ ശ്രമിച്ചാൽ ഇപ്പോഴത്തെ വെറും ഒരു ഡസൻ മാത്രം വരുന്ന മിറാഷ് 2000 ത്തിന്റെ പ്രഹരരീതി വച്ച് പരിശോധിച്ചാൽ അത് അത്ര സുഖമുള്ളതായിരിക്കില്ല പാകിസ്ഥാന്. ആവശ്യാനുസരണം ആണവായുധ ശേഖരവുമുള്ള ഇന്ത്യൻ സൈന്യം വെളുപ്പിന് ഒരു അടി തുടങ്ങിയാൽ ഇസ്ലാമാബാദിൽ ചെന്ന് ത്രിവർണ പതാക ഉയർത്തിയതിനു ശേഷം മാത്രമായിരിക്കും പ്രഭാതഭക്ഷണം കഴിക്കുക. അത്രയ്ക്കുണ്ട് ഇന്ത്യയുടെ പ്രഹരശേഷി. അതറിയാം പാകിസ്ഥാന്. അതുകൊണ്ടാണല്ലോ ഇപ്പോൾ സമാധാനത്തിന് ശ്രമിക്കുന്നത്. എന്നാൽ ആ സമാധാന കരാറിൽ ഇന്ത്യ ഒപ്പിടുന്നത് ജയ്ഷെ മുഹമ്മദ് തലവൻ മൗലനാ മസൂദ് അസറിന്റെ വധം ഉറപ്പാക്കിയതിന് ശേഷമായിരിക്കണം. അപ്പോൾ മാത്രമേ ജീവത്യാഗം ചെയ്തവരുടെ ധീരതയ്ക്ക് അർത്ഥം ഉണ്ടാവൂ. ഭാരതത്തിന്റെ ഏറ്റവും വലിയ മറ്റൊരു വിജയം അന്താരാഷ്ട്ര സമൂഹത്തെ നമ്മുടെ നിലപാടുകളെ ബോദ്ധ്യപ്പെടുത്തുവാൻ കഴിഞ്ഞൂ എന്നുള്ളതാണ്. വൻ ശക്തികളെല്ലാം തന്നെ ഭീകര വിരുദ്ധ പ്രവർത്തനത്തിൽ നമ്മോടൊപ്പം നിലയുറപ്പിച്ചു എന്നുള്ളത് നയതന്ത്ര തലത്തിൽ മോദിസർക്കാരിന്റെ വൻ വിജയമാണ്. ആദ്യം എതിർത്തുനിന്ന, നമ്മുടെ ശത്രുചേരിയിൽ നിൽക്കുന്ന ചൈനയെ കൊണ്ടു പോലും തീരുമാനം ഇന്ത്യയ്ക്ക് അനുകൂലമായി എടുപ്പിക്കുവാൻ കഴിഞ്ഞത് നാളിതു വരെ ഉണ്ടാവാത്ത ഒരു അന്താരാഷ്ട്ര പിന്തുണയാണ്. അതിന് വേണ്ടിയുള്ള നയതന്ത്ര പ്രവർത്തനങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രത്യേകം അഭിനന്ദിക്കുന്നു. അതുപോലെ ഞങ്ങൾ വിവിധ രാഷ്ട്രീയക്കാരാണ്, വിവിധ മതവിശ്വാസികളാണ്, വിവിധ സംസ്കാരങ്ങളുള്ളവരാണ്. ഞങ്ങൾ പലപ്പോഴും ആശയപരമായി കലഹിക്കാറുണ്ട്. അത് ഞങ്ങളുടെ കുടുംബ പ്രശ്നം. എന്നാൽ ഞങ്ങളുടെ കുടുംബത്തിന് ഒരു ആപത്ത് വന്നാൽ പുറത്തു നിന്ന് ആരെങ്കിലും ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ഒന്നാകും, ഒറ്റക്കെട്ടാകും. അതിൽ ആർക്കും സംശയം വേണ്ടയെന്ന് പ്രഖ്യാപിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
( യോഗനാദം മാർച്ച് ഒന്ന് ലക്കം മുഖപ്രസംഗം )