തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്‌.ഐ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. 'വിമാനത്താവളം അദാനിക്ക് വിൽക്കരുത്, ബി.ജെ.പിയും ശശി തരൂരും മറുപടി പറയുക' എന്ന മുദ്രാവാക്യവുമായി 4ന് പ്രതിഷേധ സായാഹ്നം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പരിപാടി ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ഭവനസന്ദർശനം നടത്തി വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രചാരണം നടത്തും. പൊതുസ്വത്ത് കുത്തകകൾക്ക് തീറെഴുതുന്ന കോൺഗ്രസ് നയം ബി.ജെ.പി തുടരുന്നതിനാലാണ് സ്ഥലം എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ വിഷയത്തിൽ നിശബ്ദത പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാരിന്റെ യുവജന വിരുദ്ധ നിലപാടുകൾക്ക് എതിരെ 'മോദിജീ എവിടെ എന്റെ ജോലി ' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന 'സമരത്തെരുവ് ' പ്രതിഷേധ പരിപാടിയും ആരംഭിച്ചു. 2000 മേഖലാ കേന്ദ്രങ്ങളിൽ ഈ മാസം 15 വരെ നടക്കുന്ന സമരത്തെരുവിൽ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കാളികളാകും. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജീഷ്, ജോയിന്റ് സെക്രട്ടറി വി.കെ. സനോജ്, ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.