കോടതി കയറാനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ തീരുമാനത്തിൽ ജൂറി ചെയർമാൻ കുമാർ സാഹ്‌നി ഒപ്പിട്ടില്ലെന്ന പ്രചാരണം ശക്തമായതോടെ വിവാദം കൂടുതൽ കടുത്തു. ജൂറി അംഗങ്ങളുമായുണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്ന് ഒപ്പിടാതെയാണ് അദ്ദേഹം മടങ്ങിയതെന്നാണ് ആക്ഷേപമുയരുന്നത്. ജൂറി അംഗങ്ങളാരും സാഹ്‌നി ഒപ്പിടുന്നത് കണ്ടിട്ടില്ല. ചെയർമാൻ ഒപ്പിടാത്ത അവാർഡ് ലിസ്റ്റാണ് മന്ത്രി പ്രഖ്യാപിച്ചതെങ്കിൽ നിയമപരമായി ചോദ്യം ചെയ്യാനാവും.
മികച്ച സംവിധായകനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയാണ് ചെയർമാനും അംഗങ്ങളും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായതും ചെയർമാൻ അവാർഡ് നിർണയ ഹാളിൽ നിന്ന് ഇറങ്ങിപ്പോയതും. ഒരു ജൂറി അംഗം അദ്ദേഹത്തെ ആദ്യം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു ഘട്ടത്തിൽ സംവിധായകനുള്ള അവാർഡ് ജൂറി ചെയർമാന്റെ ഇഷ്ടത്തിനു വിട്ടു കൊടുക്കാൻ അംഗങ്ങൾ തയ്യാറായി. മറ്റ് ചില തീരുമാനങ്ങളും മാറ്റണമെന്ന ആവശ്യം ചെയർമാൻ അപ്പോൾ മുന്നോട്ടു വച്ചു. സിനിമകൾ മുഴുവൻ കാണാത്ത ചെയർമാൻ എങ്ങനെയാണ് ഏകപക്ഷീയമായി അവാർഡുകൾ തീരുമാനിക്കുന്നതെന്ന് ചോദിച്ച് ഒരു അംഗം ക്ഷുഭിതനായി.
ചെയർമാനെ അനുനയിപ്പിച്ച് അവാഡ‌് തീരുമാനത്തിൽ ഒപ്പിടുവിക്കാൻ ചലച്ചിത്ര അക്കാഡമി ഭാരവാഹികൾ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ മന്ത്രി എ.കെ. ബാലന്റെ ഓഫീസ് ഇടപെട്ടു. മലയാളത്തിൽ എഴുതി തയ്യാറാക്കിയ ലിസ്റ്റിൽ അപ്പോഴും അദ്ദേഹം ഒപ്പിട്ടിരുന്നില്ല. അവാർഡുകൾ തന്റെ തീരുമാനമല്ലെന്നും അഭിപ്രായ ഭിന്നതയുണ്ടെന്നും തുറന്നു പറഞ്ഞ ശേഷമാണ് കുമാർ സാഹ്‌നി മടങ്ങിയത്. സംഭവം വലിയ നാണക്കേടാണ് ചലച്ചിത്ര അക്കാഡമിക്കുണ്ടാക്കിയിരിക്കുന്നത്.