മലയിൻകീഴ് : റോഡ് വികസനത്തിനായി കുടിയിറക്കപ്പെട്ട കുടുംബം ഇന്ന് പെരുവഴിയിൽ. കൊറ്റംപള്ളി ചാനൽക്കര വീട്ടിൽ റജി (30)യും കുടുംബവുമാണ് വീടിന്റെ ഒരു ഭാഗം റോഡ് വികസനത്തിന് വിട്ടു നൽകിയത്. എന്നാൽ റോഡ് വികസനം നടന്നുമില്ല വീട് പൊളിക്കുകയും ചെയ്തു. മൂന്നു സെന്റിലെ ശേഷിക്കുന്ന ഭാഗത്താണ് റജിയും രോഗിയായ ഭാര്യ രമ്യയും,രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബം കഴിയുന്നത്.
മാറനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ കൊറ്റംപള്ളിയിലേക്കുള്ള റോഡ് രണ്ടു വർഷം മുൻപാണ് പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ നടപടിയായത്. എട്ട് മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ച് കീഴാറൂർ - തൂങ്ങാംപാറ പൊതുമരാമത്ത് റോഡുമായി ബന്ധിപ്പിക്കാനായിരുന്നു തീരുമാനം. ഇതിലേക്ക് വസ്തു ഏറ്റെടുക്കവേ റജിയുടെ വീടും ഇടിച്ചുമാറ്റി. സർക്കാരിന്റെ മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്താമെന്നൊക്കെ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അധികൃതർ റോഡിന്റെ ഘടന തന്നെ ഒടുവിൽ മാറ്റി. എട്ട് മീറ്റർ വീതി എന്നത് 4 മീറ്ററായി ചുരക്കി. പൊതുമരാമത്ത് റോഡിന് പകരം പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. റജിയുടെ വീട് എന്തിനു പൊളിച്ചുനീക്കിയെന്നാണ് നാട്ടുകാരുടെ ചോദ്യം. എട്ടു മീറ്റർ വീതിയിൽ റോഡ് കടന്നുപോയാൽ ഭരണസ്വാധീനമുള്ള ചിലരുടെ വീടും വസ്തുവും ഏറ്റെടുക്കേണ്ടി വരുമെന്നതിനാലാണ് റോഡിന്റെ ഗതിയും ഘടനയും മാറാൻ കാരണമെന്ന ആരോപണവുമുണ്ട്.