കന്യാകുമാരി: ഇന്നലെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഓർത്ത് രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ സേനയുടെ കരുത്തിനെ സംശയിക്കുന്നവർക്കു മുന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും മോദി വിമർശിച്ചു. കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയും രാജ്യത്തിന്റെ അഭിമാനം അഭിനന്ദൻ വർദ്ധമാനും തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുംബയ് ഭീകരാക്രമണത്തിനുശേഷം സൈന്യം നടത്താനുദ്ദേശിച്ച മിന്നലാക്രമണത്തെ യു.പി.എ സർക്കാർ തടയുകയായിരുന്നെന്നും മോദി ആരോപിച്ചു.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം രാജ്യത്തെ ഒരിക്കൽകൂടി ഒറ്റക്കെട്ടാക്കി. ജനവികാരമാണ് സർക്കാർ നിറവേറ്റിയത്. അഭിനന്ദനും ഇന്ത്യൻ സേനയ്ക്കും അഭിനന്ദന പ്രവാഹമാണെത്തുന്നത്. എന്നാൽ ഭീകരതയ്ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ചില രാഷ്ട്രീയക്കാർ സംശയത്തോടെ കാണുന്നത് ദൗർഭാഗ്യകരമാണെന്നും മോദി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ വികസന പദ്ധതികളോരോന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാർത്താണ്ഡം പാർവതീപുരം ഫ്ലൈഓവർ റിമോട്ട് സിസ്റ്റം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചെന്നൈ മധുരൈ തേജസ് എക്സ്‌പ്രസ് ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്തു. മധുര ചെട്ടികുളം നാലുവരിപ്പാത, രാമേശ്വരം ധനുഷ്കോടി റെയിൽവേ പാലം എന്നിവയ്ക്ക് തറക്കല്ലിട്ടു.