തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ ഫെബ്രുവരിയിലെ ശമ്പള വിതരണം ഭാഗികമായി മുടങ്ങി. ശമ്പളം നൽകേണ്ട 28ന് ഭാഗികമായാണ് വിതരണം നടന്നത്. സർക്കാരിന്റെ 20 കോടി രൂപ അക്കൗണ്ടിലെത്താത്തതാണ് തടസമായത്. ഇന്നലെ വൈകിട്ടും ഹയർ ഡിവിഷൻ ഓഫീസർമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടിയില്ല. കെ.എസ്.ആർ.ടി.സിയിലെ പതിവനുസരിച്ച് ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിനമായ വ്യാഴാഴ്ചയാണ് ശമ്പളം നൽകേണ്ടത്. 80 കോടി രൂപയാണ് വേണ്ടത്. എന്നാൽ 41 കോടി രൂപ മാത്രമാണ് ഇത്തവണയുണ്ടായിരുന്നത്.
പ്രതിസന്ധി മുൻകൂട്ടിക്കണ്ട് എണ്ണക്കമ്പനിക്കുള്ള പണമടയ്ക്കൽ കഴിഞ്ഞ ആഴ്ച നിറുത്തിയിരുന്നു. ഇതിലൂടെ ഒമ്പതുകോടി ലഭിച്ചു. സർക്കാരിന്റെ 20 കോടി രൂപ കൂടി ലഭിച്ചാൽ ശമ്പളം നൽകാമെന്നായിരുന്നു പ്രതീക്ഷ. ശേഷിക്കുന്ന 10 കോടി ജീവനക്കാരുടെ വിവിധതരത്തിലുള്ള തിരിച്ചടവുകളാണ്. മാനേജ്‌മെന്റിനെ അടയ്‌ക്കാൻ ജീവനക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള എൽ.ഐ.സി, വ്യക്തിഗത വായ്പാ തിരിച്ചടവുകളാണിത്. ഇത് ഒന്നരവർഷത്തിലേറെയായി മുടങ്ങുന്നുണ്ട്.