kovalam

കോവളം: കളഞ്ഞുകിട്ടിയ 12000 രൂപയും രേഖകളുമടങ്ങിയ പഴ്സ് വിദേശിക്ക് മടക്കി നല്കി സെയ്ദലി മാതൃകയായി. റഷ്യക്കാരിയായ ലിയുഡ്മില ഇട്രിനോവയുടെ പണവും രേഖകളുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞദിവസം വൈകിട്ട് 5നാണ് സംഭവം. ബീച്ചിൽ കുടയും കട്ടിലും വാടകയ്ക്ക് നല്കുന്ന വിഴിഞ്ഞം സ്വദേശി സെയ്ദലിക്ക് ആറോടെയാണ് കടപ്പുറത്തു നിന്ന് പഴ്സ് ലഭിക്കുന്നത്. ഉടൻതന്നെ തന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞ സെയ്ദലി പഴ്സ് നഷ്ടപ്പെട്ട ആരെങ്കിലും വന്നാൽ തന്നെ വിവരമറിയിക്കണമെന്നും പറഞ്ഞു.

സന്ധ്യയ്ക്ക് ഏഴ് കഴിഞ്ഞിട്ടും ആരും എത്താത്തതിനെ തുടർന്ന് പഴ്സും പണവും പൊലീസിനെ ഏല്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി ഇട്രിനോവ തീരത്തെ ടൂറിസം പൊലീസ് എയിഡ് പോസ്റ്റിലെത്തിയത്. പരാതി സ്വീകരിച്ച് ഉടൻതന്നെ അന്വേഷണത്തിനിറങ്ങിയ ടൂറിസം പൊലീസിനോട് പഴ്സ് സെയ്ദലിക്ക് ലഭിച്ചെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ സെയ്ദലി ടൂറിസം എയിഡ് പോസ്റ്റിലെത്തി എ.എസ്.ഐ അനിലിന്റെ സാന്നിദ്ധ്യത്തിൽ രേഖകളടങ്ങിയ പഴ്സും പണവും കൈമാറുകയായിരുന്നു. നൂറ്കണക്കിന് സ്വദേശ വിദേശ സഞ്ചാരികൾ വന്നുപോകുന്ന കോവളത്ത് നഷ്ടപ്പെട്ട പണവും രേഖകളും തിരിച്ച് കിട്ടിയ ഇട്രിനോവ സെയ്ദലിക്കും ടൂറിസം പൊലീസിനും മനസ് നിറഞ്ഞ നന്ദി അറിയിച്ചാണ് മടങ്ങിയത്.