തിരുവനന്തപുരം : രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്‌ക്കുകയും ഇത്തരം സ്ഥാപനങ്ങളെല്ലാം അദാനി - അംബാനിമാർക്ക് എഴുതിക്കൊടുക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നടപടി തുഗ്ലക് പരിഷ്കാരമാണെന്ന് വി.എം.സുധീരൻ പറഞ്ഞു. എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്നടന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്തില്ല. സിവിൽ വ്യോമയാന വകുപ്പിന് സ്വകാര്യവത്കരണം അംഗീകരിക്കില്ലെന്നറിയിച്ച് കത്തുനൽകാൻ പോലും തയ്യാറായില്ല. നിയമസഭയിൽ പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തില്ല. സ്വകാര്യവത്കരണം അംഗീകരിക്കുന്ന മട്ടിൽ കമ്പനിയുണ്ടാക്കി ലേലത്തിൽ പങ്കെടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. കിട്ടുന്നെങ്കിൽ തങ്ങൾക്കും കിട്ടട്ടെ എന്നതായിരുന്നു നിലപാട്. ഇനിയെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി മുൻ ഡയറക്ടർ ജെയിസ് ജോസഫ് , അബി പോൾ , പി.വി.ജേക്കബ്, അനിൽകുമാർ.കെ. മാത്യു.സി.എം, സിബി ജോസഫ്, അനിൽ കണ്ടമംഗലം, വിനോദ് .ടി.എൻ, ജലജകുമാരി.എസ് .എഫ്, ഇഫ്തിക്കറുദ്ദീൻ, ശൂരനാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ് .സജീവ് സ്വാഗതവും രാജേഷ് ജോസ് നന്ദിയും പറഞ്ഞു.