പോത്തൻകോട്: വനിതാ സ്വയം തൊഴിൽ പദ്ധതികൾക്കും ദാരിദ്ര്യ ലഘൂകരണത്തിനും പ്രാധാന്യം നൽകിയുള്ള 36. 96 കോടി രൂപ വരവും 35 .11 കോടി രൂപ ചിലവും 1 .85 കോടി നീക്കി ബാക്കിയുമുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് പാസാക്കി. കാർഷിക മേഖലയ്ക്കും ക്ഷീരവികസനത്തിനും മത്സ്യമേഖലയ്ക്കും ഭവന പദ്ധതികൾക്കും പ്രാദേശിക സാമ്പത്തിക വികസനവും അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. എം. യാസർ ബഡ്ജറ്റ് അവതരിപ്പിച്ചു.
എല്ലാ ഡിവിഷനിലും ആട് പ്രജനന യൂണിറ്റ്, ക്ഷീരവികസനം, വനിതാ ഘടക പദ്ധതി എന്നിവയ്ക്ക് 64 ലക്ഷം വകകൊള്ളിച്ചിട്ടുള്ള ബഡ്ജറ്റിൽ ട്രാക്ടർ, ട്രില്ലർ, പാറ്റ് യന്ത്രം ഉൾപ്പെടെ മണ്ണ്, ജലസംരക്ഷണം, ശുചിത്വമുൾപ്പെടെ 3 .3 കോടിരൂപയാണ് വകയിരുത്തിയത്. റോഡുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല മേഖലയിലെ ഗതാഗത സൗകര്യങ്ങൾക്ക് 7 .77 കോടി വകയിരുത്തിയിട്ടുള്ള ബഡ്ജറ്റിൽ വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾക്ക് 24 ലക്ഷവും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് 20 ലക്ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യക ആരോഗ്യ പരിപാടിക്ക് 20 ലക്ഷം രൂപ വകയിരുത്തിയ ബഡ്ജറ്റിൽ സത്ഭരണത്തിനും തുക വകകൊള്ളിച്ചിട്ടുണ്ട്.
സെക്രട്ടറി സജീന സത്താർ, നിർവഹണോദ്യോഗസ്ഥർ തുടങ്ങിയവരും ബഡ്ജറ്റ് യോഗത്തിൽ പങ്കെടുത്തു. എന്നാൽ ബഡ്ജറ്റ് അവതരണം നിയമാനുസരണമല്ലെന്നും തുകകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ ബഡ്ജറ്റ് യോഗം ബഹിഷ്കരിച്ചു.
കുടിവെള്ള അനുബന്ധ പദ്ധതികൾ - 1.1 കോടി.
നീർത്തട വികസനം, വനവത്കരണം - 10 കോടി
ഫിഷ് ബൂട്ട് ഉൾപ്പെടെ മത്സ്യമേഖല - 21 ലക്ഷം.
ഭവന നിർമ്മാണം - 2 .91 കോടി.
ചേരിവികസനം - 24 ലക്ഷം
തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, ജനസേവന കേന്ദ്രം കോർഡിനേറ്റർമാർ, സ്വകാര്യ മേഖലയിലെ വനിതാ തൊഴിലാളികൾ എന്നിവയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സൈക്കിൾ നൽകുന്ന സർഗസഞ്ചാരി എന്ന പദ്ധതിയുൾപ്പെടെ വനിതാക്ഷേമ പരിപാടികൾക്ക് 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പരമ്പരാഗത കൈത്തൊഴിലാളികൾക്ക് - 5 ലക്ഷം
വൃദ്ധ ജനക്ഷേമം - 22 ലക്ഷം
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് - 30 ലക്ഷം
യുവജന ക്ഷേമത്തിന് 15 ലക്ഷം