തിരുവനന്തപുരം: രാജ്യത്തെ പാചകവാതക വില കുത്തനെ കൂട്ടി. സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഗാർഹികാവ ശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി.തിരുവനന്തപുരത്ത് ഇത് യഥാക്രമം 656.07 രൂപയും 811.54 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില ഉയർന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വർദ്ധിക്കാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിർണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസങ്ങളിൽ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു.