nainamkonam-colany
ഇന്ന് പട്ടയം വിതരണം ചെയ്യുന്ന നൈനാം കോണം കോളനി

കല്ലമ്പലം: ഒരുതുണ്ട് ഭൂമിക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങൾക്കൊടുവിൽ നൈനാംകോണം കോളനിക്കാർക്കുള്ള പട്ടയങ്ങൾ വിതരണം ചെയ്യുന്നു. നാവായിക്കുളം പഞ്ചായത്തിലെ നൈനാംകോണമടക്കം വർക്കല മണ്ഡലത്തിലെ ഭൂരഹിതരായ 70 പേർക്കാണ് ഇന്ന് രാവിലെ പത്തിന് ആദ്യഘട്ട പട്ടയം വിതരണം ചെയ്യുന്നത്. സർക്കാരിന്റെ ആയിരം ദിനങ്ങൾ പൂർത്തീകരിക്കുന്ന വേളയിലാണ് നടപടി.

ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന പട്ടയവിതരണം സംബന്ധിച്ച വിഷയം വി.ജോയി എം.എൽ.എ നിയമസഭയിലും മുഖ്യമന്ത്രിക്കുമുന്നിലും ഉന്നയിച്ചതോടെയാണ് പട്ടയവിതരണ നടപടികൾക്ക് വീണ്ടും ജീവൻ വച്ചത്. റവന്യൂ വകുപ്പ് സ്ഥലത്ത് പട്ടയവിതരണ നടപടികൾക്കായി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയും വസ്തു അളന്നുതിരിച്ച് കല്ലിടുന്ന നടപടികൾ തുടങ്ങുകയും ചെയ്തു. ഇന്ന് രാവിലെ പത്തിന് നാവായിക്കുളം മനോജ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കോളനിക്കാർക്ക് പട്ടയം വിതരണം ചെയ്യും.

നൈനാംകോണം കോളനിക്കാരിൽ അവശേഷിക്കുന്ന ഭൂരഹിതർക്ക് ലാൻഡ് ട്രൈബ്യൂണൽ ഉത്തരവ് വരുന്ന മുറയ്ക്ക് പട്ടയം കൈമാറും

വി.ജോയി എം.എൽ.എ പറഞ്ഞു

പട്ടയവിതരണം

പള്ളിക്കൽ പഞ്ചായത്തിലെ ചെങ്ങറ ഭൂസമരക്കാരായ 21 പേർക്ക്

 വർക്കല താലൂക്കിലെ ഭൂരഹിതരായ 24 കുടുംബങ്ങൾ

സമര ചരിത്രം

തിരിച്ചറിയൽ രേഖകളും റേഷൻ കാർഡുകളുമൊക്കെ ഉണ്ടെങ്കിലും താമസിക്കുന്ന ഭൂമിയിൽ പട്ടയമില്ലാത്തതിനാൽ ഭൂമി ക്രയവിക്രയം ചെയ്യാനോ ബാങ്ക് വായ്പയ്ക്ക് ഈടുവയ്ക്കാനോ പറ്റാത്ത സ്ഥിതിയായിരുന്നു. 1970 - ൽ എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന മിച്ചഭൂമി സമരങ്ങളുടെ പശ്ചാത്തലത്തിലാണ് നാവായിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും പരേതനായ എൻ.ഗോപാലകൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിൽ ഈ മിച്ചഭൂമിയിൽ കുടിൽകെട്ടി സമരം തുടങ്ങിയത്. തുടർന്ന് പട്ടയത്തിനായി ഇവിടെ വിവിധ സമരപരമ്പരകൾ അരങ്ങേറി. ഇതിനിടയിൽ കോളനിക്കാർക്ക് വൈദ്യുതിയും റേഷൻകാർഡുമൊക്കെ ലഭിച്ചെങ്കിലും ഉടമസ്ഥാവകാശം മാത്രം അനന്തമായി നീളുകയായിരുന്നു, 2006 - ൽ ഭൂമിയിൽ ഉടമസ്ഥാവകാശം നേരത്തേയുണ്ടെന്ന് അവകാശപ്പെട്ട് ജന്മിമാർ ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിച്ച് കോളനിയിൽ താമസക്കാരായ 16 കുടുംബങ്ങളെ പൊലീസിനെ ഉപയോഗിച്ച് കുടിയൊഴിപ്പിച്ചു.

അരനൂറ്റാണ്ട് മുൻപ് കേരള ഭൂപരിഷ്കരണ നിയമത്തിലൂടെ സർക്കാരിൽ നിക്ഷിപ്തമായ 12 ഏക്കർ 93 സെന്റ് മിച്ചഭൂമിയിലാണ് നൈനാംകോണം കോളനിക്കാർ താമസിച്ചു വരുന്നത്.

ചിത്രം . ഇന്ന് പട്ടയം വിതരണം ചെയ്യുന്ന നൈനാം കോണം കോളനി