peria-murder

കാസർകോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് മുമ്പ് ശരത് ലാലിന്റെ പിതാവിനെ ആരോപണ വിധേയനായ ക്വാറി ഉടമ സ്നേഹംനടിച്ച് ഏറെനേരം തടഞ്ഞുവച്ചതായുള്ള വിവരം പുറത്തുവന്നു. ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനെ ആരോപണ വിധേയനായ ശാസ്താ ഗംഗാധരൻ നിർബന്ധിച്ചു നിർത്തിയെന്നാണ് ആരോപണം. കല്യോട്ട് ടൗണിൽ വച്ചാണ് സംഭവം. ഈ സംഭവം നടന്നില്ലെങ്കിൽ ഒരു പക്ഷെ കൊലപാതകം നടക്കുമായിരുന്നില്ലെന്നാണ് പറയുന്നത്.

കല്യോട്ട് ക്ഷേത്രത്തിൽ കളിയാട്ടം സ്വാഗത സംഘം രൂപീകരണ പരിപാടിയിൽ ശരത് ലാലിനൊപ്പം പിതാവ് സത്യനാരായണനുമുണ്ടായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ എല്ലാം കഴിഞ്ഞു ശരത്തും കൃപേഷും ബൈക്കിൽ വീട്ടിലേക്ക് മടങ്ങി.

അതിന്റെ പിന്നാലെ വീട്ടിലേക്ക് മടങ്ങാൻ നേരമാണ് സത്യനാരായണന്റെ അടുത്തുവന്ന് കുശലം പറഞ്ഞ ഗംഗാധരൻ നിർബന്ധിപ്പിച്ചു ചായ കുടിക്കാൻ കൂട്ടിക്കൊണ്ടുപോയത്. കൊല നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ശരത്തിന്റെ അച്ഛൻ ആ വഴിക്ക് പോകുന്നത് കുറച്ചു സമയത്തേക്ക് മാറ്റിവയ്ക്കുന്നതിനാണ് ചായ കുടിച്ച് സംസാരിച്ചിരിക്കാൻ ഗംഗാധരൻ നിർബന്ധിച്ചതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വിടാതെ സ്നേഹം നടിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി ചായ കുടിപ്പിക്കുകയായിരുന്നു ഗംഗാധരനെന്ന് സത്യനാരായണൻ പറയുന്നു.

അല്പം കഴിഞ്ഞു ഗംഗാധരന് ഫോൺ വന്നു. ഇതിന് ശേഷമാണ് ഇവർ പിരിഞ്ഞത്.

കൊല നടത്തിയതായുള്ള വിവരം അറിഞ്ഞശേഷമാണ് തന്നെ വിട്ടയച്ചതെന്നും സത്യനാരായണൻ സംശയിക്കുന്നു. ഗംഗാധരനും സത്യനാരായണനും സുഹൃത്തുക്കളായിരുന്നു.