കോട്ടയം: സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിൽ യുവാവിന്റെ രണ്ടേമുക്കൽ ലക്ഷം രൂപ തട്ടിയെടുത്തു. ചെങ്ങന്നൂർ മുണ്ടൻകാവ് മാപ്പോട്ടിൽ ജിതിന്റെ (25) പണമാണ് നഷ്ടമായത്. അക്കൗണ്ട് ഉടമയുടെ വൺ ടൈം പാസ് വേർഡ് വാങ്ങി റിക്രൂട്ടിംഗ് ഏജൻസിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുമ്പോഴാണ് പത്ത് രൂപയ്ക്ക് പകരമായി പതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. യൂറോപ്പിലേക്കുള്ള വിസയ്ക്കായി കാത്തിരിക്കുന്ന ജിതിൻ ഇതിന്റെ ആവശ്യത്തിനായി പലരിൽ നിന്ന് കടം വാങ്ങി സ്വരൂപിച്ച പണമാണ് നഷ്ടമായത്.
വാട്സ് ആപ്പ് വഴി ലഭിച്ച വിവരമനുസരിച്ച് ഷൈൻസ് റിക്രൂട്ട് ഡോട്ട് ഇൻഫോ എന്ന പേരിലുള്ള വെബ് സൈറ്റ് വഴിയാണ് പണം നൽകി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചത്. രജിസ്‌ട്രേഷൻ ഫീസായി ഇന്ത്യൻ മൂല്യമുള്ള പത്ത് രൂപയാണ് ആവശ്യപ്പെട്ടത്. ഇത് കൈമാറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് നാല് തവണ ശ്രമം നടത്തി.
പിന്നീട് നോക്കുമ്പോൾ നാല് പ്രാവശ്യവും അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ വീതം നഷ്ടമായതായി കണ്ടെത്തുകയായിരുന്നു. ഈ വിവരം കാട്ടി പരാതി അയച്ചതോടെ മറുപടിയായി കസ്റ്റമർ ഇൻഫർമേഷൻ ഫയൽ നമ്പർ (സി.ഐ.എഫ്) ആവശ്യപ്പെടുകയും അതിലേക്ക് പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ സി.ഐ.എഫ് നമ്പർ നൽകിയതോടെ വീണ്ടും പണം നഷ്ടമായി. ആകെ 2.76 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിതിൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
സമാനമായ സാഹചര്യത്തിൽ പല ഉപയോക്താക്കളെയും ഹിന്ദിയിലും ഇംഗ്ളീഷിലും ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരായുന്നതായി ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു. ഡെബിറ്റ് കാർഡ് മന്ത്രാലയത്തിൽ നിന്ന് വിളിക്കുകയാണ് എന്ന് പറഞ്ഞാണ് ചിലർ ബന്ധപ്പെടുന്നത്. നിങ്ങൾക്ക് റിവാർഡ് പോയിന്റ് ലഭ്യമായിട്ടുണ്ട് ഇതിനായി ഒ.ടി.പി നമ്പർ നൽകാനാണ് ചിലർ ആവശ്യപ്പെടുന്നത്.