കൊടുങ്ങല്ലൂർ: കോളേജ് ഡേ ആഘോഷം പൊടി പൊടിക്കാൻ സംഘം ചേർന്ന് കള്ള്ഷാപ്പിലെത്തിയ വിദ്യാർത്ഥികൾക്കെതിരെ നാട്ടുകാർ രംഗത്തെത്തി. ഒടുവിൽ പൊലീസ് എത്തി കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി, രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. മേഖലയിലെ ഒരു സ്വാശ്രയ കോളേജിലെ എട്ടോളം പേരടങ്ങുന്ന ഡിഗ്രി വിദ്യാർത്ഥികളുടെ സംഘമാണ് കൂട്ടത്തോടെ കള്ള്ഷാപ്പിൽ കയറി പുലിവാല് പിടിച്ചത്. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് സംഘം അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ഇവരെ സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ കുട്ടികളെല്ലാം പ്രായപൂർത്തിയായവരാണെന്ന് കണ്ടെത്തി. ഇതോടെ മറ്റു നടപടികളൊക്കെ ഒഴിവാക്കിയെങ്കിലും വിദ്യാർത്ഥികളെന്നത് പരിഗണിച്ച്, രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കാൻ പൊലീസ് നിശ്ചയിക്കുകയായിരുന്നു.