തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിലെ പ്രചാരണ മുദ്രാവാക്യങ്ങൾക്കൊപ്പം സംസ്ഥാനത്ത് പെരിയ ഇരട്ടക്കൊലയും ശബരിമല വിവാദവും ആയുധമാക്കാനൊരുങ്ങി കോൺഗ്രസും യു.ഡി.എഫും. ഇതിനു പുറമേ, കോർപ്പറേറ്റുകളുടെ നിക്ഷേപം ആകർഷകമാക്കുമെന്ന സംസ്ഥാന ബഡ്ജറ്റ് നിർദ്ദേശം മുൻനിറുത്തി, ഇടതു മുന്നണിക്കെതിരെ കോർപ്പറേറ്റ്‌വത്കരണ ആക്ഷേപവും യു.ഡി.എഫ് പ്രചാരണവിഷയമാക്കും.
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് ഇറക്കുന്ന പ്രകടനപത്രികയ്ക്കൊപ്പം കേരളത്തിൽ ഈ മൂന്നു വിഷയങ്ങൾ ഉൾപ്പെടുത്തി അനുബന്ധ പ്രചരണരേഖ പുറത്തിറക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി പ്രചാരണ സമിതി യോഗത്തിന്റെ തീരുമാനം. അദ്ധ്യക്ഷൻ കെ. മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പങ്കെടുത്തിരുന്നു.
ശബരിമല വിവാദത്തിൽ വിശ്വാസ സംരക്ഷണത്തിനായി യു.ഡി.എഫ് നിലകൊണ്ടുവെന്ന പ്രചാരണം ശക്തമാക്കും. ഒപ്പം ചർച്ച് ബില്ലിനെതിരെ ക്രൈസ്തവസഭകളിൽ ഉടലെടുത്ത വികാരം രാഷ്ട്രീയമായി അനുകൂലമാക്കിയെടുക്കാനും ശ്രമിക്കും.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻ.എസ്.എസ് നിലപാട് മദ്ധ്യതിരുവിതാംകൂറിൽ രാഷ്ട്രീയസ്വാധീനം അനുകൂലമാക്കുമെന്ന ചിന്ത യു.ഡി.എഫ് നേതൃത്വത്തിലുണ്ട്. എന്നാൽ, വിവാദം കത്തിനിന്ന വേളയിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയ ബി.ജെ.പിയുടെ തീവ്ര നിലപാട് അവർക്ക് അനുകൂല സാഹചര്യമൊരുക്കുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങൾക്കുണ്ട്.
ശബരിമല വിഷയത്തിൽ ഭരണഘടനാബാദ്ധ്യത നിറവേറ്റുക മാത്രമാണ് സർക്കാർ ചെയ്തതെന്നാണ് ഇടതു നിലപാട്. എൻ.എസ്.എസിന്റേതടക്കം തീവ്രനിലപാടുകൾ ഹൈന്ദവ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന ഘട്ടത്തിലാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ചും വനിതാമതിൽ സൃഷ്ടിച്ചും അതിലൊരു വിള്ളൽ സൃഷ്ടിക്കാൻ ഇടതു നേതൃത്വം ശ്രമിച്ചത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ എന്തു സ്വാധീനമാകും ചെലുത്തുകയെന്ന ആകാംക്ഷ ശക്തമാകുമ്പോഴാണ് കോൺഗ്രസ് വിശ്വാസസംരക്ഷണം ശക്തമായ പ്രചാരണ വിഷയമാക്കാനൊരുങ്ങുന്നത്. ചർച്ച് ബില്ലിനെ സർക്കാരും ഇടത് നേതൃത്വവും തള്ളിപ്പറഞ്ഞെങ്കിലും ശബരിമലയ്ക്കൊപ്പം ചേർത്ത് ഇടതുസർക്കാർ വിശ്വാസലംഘകരെന്ന പ്രതീതി സൃഷ്ടിക്കാനുള്ള നീക്കമാവും യു.ഡി.എഫ് നടത്തുക.