khalim

‘എന്റെ മകൻ ചെകുത്താന്റെ സന്തതിയല്ല! എല്ലാവരുടെയും ധാരണകളെ തെറ്റിച്ച് അവൻ ദൈവത്തിന്റെ കുട്ടിയാണെന്ന് തെളിയിക്കണം. അങ്ങനെയൊരു ശുഭാപ്തി വിശ്വാസത്തിലാണ് ഞാൻ.’ ജാർഘണ്ട് സ്വദേശി ഷമീം തന്റെ മകൻ ഖാലിം മുഹമ്മദിനെക്കുറിച്ച് പറയുന്നതാണിത്. ജനിക്കുമ്പോൾ തന്നെ മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഖാലിമിന്റെ കൈകൾക്ക് അസാധാരണ വലിപ്പമുണ്ടായിരുന്നു. അവന്റെ വളർച്ചയ്ക്കൊപ്പം കൈകളും വളർന്നു. ഇപ്പോൾ പത്തുവയസുള്ള ഖാലിമിന്റെ കൈകൾക്ക് ഭീമാകാരമായ വലുപ്പമാണ് ഉള്ളത്. ഇതോടെ ഗ്രാമീണർ അവനെ ‘ചെകുത്താന്റെ സന്തതി’ എന്ന ഇരട്ടപ്പേരിൽ വിളിക്കാൻ തുടങ്ങി. സ്‌കൂളിൽ ചേർക്കാൻ പോലും അധികൃതർ സമ്മതിച്ചില്ല. മറ്റു കുട്ടികൾ അവനെ കണ്ടാൽ ഭയപ്പെടും എന്നാണ് അദ്ധ്യാപകർ അതിനുള്ള കാരണമായി പറഞ്ഞതത്രെ!

അപൂർവങ്ങളിൽ അപൂർവമായ രോഗമാണ് ഖാലിമിന്റേത്. അവന്റെ കൈകൾക്ക് എട്ടു കിലോയോളം ഭാരം വരും. കുട്ടിക്കാലത്ത് വലിയ പ്രശ്‌നമൊന്നും ഉണ്ടായില്ലെങ്കിലും വളരുംതോറും ഖാലിമിന് ബുദ്ധിമുട്ടുകൾ കൂടിവന്നു. കുളിക്കാനും വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനുപുറമെ കുടുംബത്തിലെ ദാരിദ്ര്യവും. ഇതിനിടെ ഖാലിമിന്റെ കഥ ദേശീയ മാദ്ധ്യമങ്ങളിൽ വാർത്തയായി. തുടർന്ന് ഇന്ത്യയിലെ പ്രഗത്ഭരായ ഡോക്ടർമാർ ഖാലിമിന്റെ ചികിത്സ ഏറ്റെടുത്തു. എന്തായാലും എല്ലാക്കുട്ടികളെയുംപോലെ ഖാലിം ജീവിക്കുന്നത് കാണാനാണ് അച്ഛൻ ഷമീം കാത്തിരിക്കുന്നത്.