തിരുവനന്തപുരം: നവോത്ഥാനവും നവകേരളവുമൊന്നും സൃഷ്ടിക്കപ്പെട്ടില്ലെന്നും സംസ്ഥാനത്ത് നരഹത്യ മാത്രമാണ് നടക്കുന്നതെന്നും കെ.മുരളീധരൻ എം.എൽ.എ. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ 28ാം സംസ്ഥാന സമ്മേളനം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സർക്കാർ നീക്കം ഹയർ സെക്കൻഡറി മേഖലയുടെ നിലവാരം തകർക്കും. ഇതിനെതിരെ എ.എച്ച്.എസ്.ടി.എ നടത്തുന്ന സമരത്തിനും നിയമപോരാട്ടത്തിനും കോൺഗ്രസും യു.ഡി.എഫും പൂർണ പിന്തുണ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും പാർട്ടി സെക്രട്ടറിയെ പോലെയാണ് പ്രവർത്തിക്കുന്നത്. കാറിന്റെ ഡിക്കിയിൽ കുറെ കല്ലുകളുമായി ഓടിനടന്ന് തറക്കല്ലിടൽ നടത്തുകയും നേരത്തെ കല്ലിട്ടിടത്ത് വിളക്ക് കൊളുത്തുകയുമാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പരിഹസിച്ചു.
എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ബി.മോഹൻകുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോർജ് ഓണക്കൂർ, കോൺഗ്രസ് നേതാക്കളായ പാലോട് രവി, ടി.ശരത്ചന്ദ്ര പ്രസാദ്, ഗാന്ധിദർശൻ വേദി ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, സെറ്റോ ചെയർമാൻ എൻ.കെ.ബെന്നി, കെ.വിക്രമൻ നായർ, ജോസ് ജോൺസ് തുടങ്ങിയവർ പങ്കെടുത്തു. ആർ.അരുൺകുമാർ സ്വാഗതവും ഡോ.കെ.എം. തങ്കച്ചൻ നന്ദിയും പറഞ്ഞു.