ബലരാമന്റെ ഫേസ്ബുക്കും മിറാഷ് യുദ്ധവിമാനവും ഒരുമിച്ചുവന്നാൽ പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാൻ പോലും പേടിച്ച് നിലവിളിച്ച് പോവുക ആദ്യത്തെ സാധനത്തെ കാണുന്ന മാത്രയിലായിരിക്കും. അത്രയ്ക്ക് പ്രഹരശേഷിയുള്ള ഇനമാണത്രെ വി.ടി. ബലരാമന്റെ ഫേസ്ബുക്ക്. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികൾ അച്ചുതണ്ട് ശക്തികളെ പരാജയപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ച ആ വജ്രായുധം ഏതായിരുന്നു എന്നാണ് കരുതുന്നത്? അത് ബലരാമന്റെ ഫേസ്ബുക്ക് പേജുകളായിരുന്നു. പരമരഹസ്യമായ ഈ വജ്രായുധം ബലരാമനായിട്ട് അങ്ങനെ പുറത്തെടുക്കാറില്ല. അറ്റകൈക്കേ ബലരാമനിതെടുത്ത് പയറ്റാറുള്ളൂ. നിയമസഭയിലൊക്കെ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് ബലരാമൻ വിളിച്ചെന്നിരിക്കും. പക്ഷേ ബലരാമന് അള മുട്ടിയാൽ പിണറായി സഖാവിനെയും എടാ വിജയാ എന്നേ വിളിക്കൂ. അത് ഫേസ്ബുക്കിലൂടെയാണെന്ന് മാത്രം. അവനെപ്പേടിച്ചീ വഴിയാരും നടപ്പീല എന്നാണത്രെ ആ ഫേസ്ബുക്ക് പേജിനോടുള്ള ചെന്നിത്തല ഗാന്ധിയുടെ പോലും ആറ്റിറ്റ്യൂഡ്. ബലരാമനെ കണ്ടാലാരും ഇങ്ങനെയൊരു ഫേസ്ബുക്ക് കരടി ഒളിഞ്ഞിരിപ്പുള്ള ദേഹിയാണെന്ന് പറയില്ല. കാണുന്നതിലല്ലല്ലോ കാര്യം!
ആരാച്ചാർ എന്ന നോവലെഴുതിയപ്പോൾ പോലും ഈയൊരു മാരണം കെ.ആർ. മീര പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഏറ്റവും പുതിയ ഇന്റലിജന്റ്സ് റിപ്പോർട്ട്. ആരാച്ചാരെക്കുറിച്ച് ഡോ.ലീലാവതിടീച്ചറിൽ നിന്ന് വന്ന പരാമർശത്തിന്റെ ഞെട്ടൽമാറും മുമ്പെയാണ് ബലരാമന്റെ അമ്പ്.ഇമ്രാൻഖാനെ വിരട്ടാൻ ന.മോ.ജി പോലും പ്രത്യേക മിറാഷ് അയച്ച് രഹസ്യമായി ബലരാമനെയും ആ എടുത്താൽ പൊങ്ങാത്ത ഫേസ്ബുക്ക് പേജിനെയും രായ്ക്കുരാമാനം ശ്രീനഗറിലെത്തിച്ചെന്ന വിവരം കെ.ആർ. മീര അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരതിനെ നിസ്സാരവത്കരിച്ചുകളഞ്ഞത്. 'അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല-രാമാ, പോയി തരത്തിൽപെട്ടവർക്ക് ലൈക്കടിക്കൂ മോനേ എന്ന് വാത്സല്യപൂർവം ഉപദേശിക്കുക" എന്നാണ് മീരച്ചേച്ചി ഫേസ്ബുക്കിൽ പരിഹസിച്ചുകളഞ്ഞത്.
'പോ മോനേ ബാല-രാമാ എന്നല്ല, അതിനപ്പുറവും മഹാസാഹിത്യകാരിക്ക് പറയാം, എന്നാൽ തിരിച്ച് പോ മോളേ മീരേ എന്നു പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അല്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു" എന്നാണ് ബലരാമന്റെ ഫേസ്ബുക്ക് മറുപടി. ഇതിനെ സ്ത്രീവിരുദ്ധം എന്നെല്ലാം വിമർശിച്ച് ചില ഏടാകൂടങ്ങൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിലും വലുത് ഫേസ്ബുക്ക് മാളത്തിലൊളിഞ്ഞ് കിടപ്പുള്ളത് കൊണ്ട് അവർക്കെല്ലാം നല്ലത് വരട്ടെയെന്ന് മാത്രമേ ഇത്തരുണത്തിൽ ഉപദേശിക്കാനുള്ളൂ.
ബലരാമൻ പറഞ്ഞ ആ ഭേദഗതി എവ്വിധമാകണമെന്ന് വ്യക്തമാക്കിയാൽ അണികളുടെ ആശയക്കുഴപ്പം അകറ്റുമല്ലോ എന്ന് മീരച്ചേച്ചി വീണ്ടും ഉപദേശിച്ചിട്ടുണ്ട്. കൊണ്ടിട്ടും പഠിച്ചില്ലെങ്കിൽ പിന്നെ മീരച്ചേച്ചിയോട് ഒന്നും പറയാനില്ല!
ആപത്ബാന്ധവനും ആശ്രിതവത്സലനുമായ ന.മോ.ജിയുടെ സ്വഭാവവിശേഷങ്ങൾ സ്വീഡനിലെ കോത്തായിമുക്കിലിരുന്ന് കൊണ്ട് ഏത് എറിക്സണിനായാലും തിരിച്ചറിയാനായെന്ന് വരില്ല. ആപത്ബാന്ധവനേ ശരണമെന്റയ്യപ്പാ, വില്ലാളിവീരനേ ശരണമെന്റയ്യപ്പാ എന്ന് ഏത് പാതിരാവിലും സുവർണാവസരം ശ്രീധരൻപിള്ളച്ചേട്ടൻ ന.മോ.ജിയെ കണ്ടാൽ ഉച്ചത്തിൽ വിളിച്ചുപോവുമായിരുന്നു. അമിത് ഷാജിയണ്ണനെ കണ്ടാലും അതുതന്നെയായിരുന്നു പിള്ളച്ചേട്ടന്റെ മനോനില. ആ മനോനില മാറ്റിയെടുക്കാൻ ലോകത്തൊരു മനശ്ശാസ്ത്രജ്ഞനും സഞ്ചരിക്കാത്ത വഴിയിലൂടെ വി. മുരളീധർജി സഞ്ചരിക്കാൻ തയ്യാറായിരുന്നു. പക്ഷേ അമിത് ഷാജിയണ്ണൻ എങ്ങനെ പെരുമാറുമെന്ന് തീർച്ചയില്ലാത്തത് കാരണം വേണ്ടെന്നുവച്ചു! അതുപോട്ടെ, സാരമില്ല.
ന.മോ.ജിയാരാ എന്ന് ചോദിച്ചാൽ അത് നമ്മുടെ നമശ്ശിവായം പരമശിവേട്ടനല്ലേ എന്ന് ചോദിക്കുന്ന പ്രകൃതമാണ് സ്വീഡിഷ് കമ്പനിയായ എറിക്സണിന്റേത്. എന്നുവച്ച് അനിൽ അംബാനിമുതലാളിക്ക് അതിനോട് വിരോധമൊന്നുമുണ്ടായിട്ടില്ല. പാവം എറിക്സൺ, ജനറൽനോളജിൽ വീക്ക് ആയ കക്ഷിയല്ലേ എന്ന് സമാധാനിക്കുകയാണ് അനിലംബാനിച്ചേട്ടൻ ചെയ്തത്. ന.മോ.ജിയെ അറിയാത്ത എറിക്സൺ കമ്പനിക്കാർക്ക് ദേശസ്നേഹമെന്താണെന്ന് തിരിച്ചറിയണമെന്ന് നമുക്കാർക്കും വാശി പിടിക്കാനാവില്ല. അതുകൊണ്ടാണ് അനിൽ അംബാനിമുതലാളി വാശി പിടിക്കാതിരുന്നതും. പക്ഷേ എറിക്സണിന് കണ്ണും മൂക്കും നോട്ടമുണ്ടായില്ല. അതുകൊണ്ട് അംബാനി മുതലാളിയുടെ ദേശസ്നേഹത്തിന് കപ്പലണ്ടി പൊതിഞ്ഞുകെട്ടുന്ന കടലാസിന്റെ വില പോലും കല്പിക്കാൻ കണ്ണിൽ ചോരയില്ലാത്ത എറിക്സൺ തയ്യാറായില്ല.
സുപ്രീംകോടതിയുടെ മനോനിലയാണ് അതിലുമേറെ അപകടകരമായിപ്പോയത് എന്നോർക്കുമ്പോഴാണ് അംബാനിമുതലാളിക്ക് കണ്ണുനീർ ധാരധാരയായി ഒഴുകുന്നത്. ദേശസ്നേഹത്തിന് 453 കോടി അല്പം കൂടിപ്പോയതല്ലേ എന്ന് സംശയിച്ചത് കൊണ്ടാണ് കോടതി പറഞ്ഞിട്ടും എറിക്സൺ കമ്പനിക്ക് മുതലാളി ആ കോടി കൊടുക്കാൻ മടിച്ചുനിന്നത്. എന്നിട്ടും കോടതി അതിന്, ആ ദേശസ്നേഹത്തിന്, വില പറഞ്ഞു കളഞ്ഞു! കോടതിയലക്ഷ്യത്തിന് ഒരു കോടി കൊടുക്കണമത്രെ.
അല്ലെങ്കിലും ദേശസ്നേഹം അങ്ങനെയിങ്ങനെയൊന്നും തഴച്ചുവളരില്ല. വയലറിഞ്ഞ് വിത്തിടണമെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടില്ലേ. അതുതന്നെയാണ് ന.മോ.ജിയും ചെയ്തുവരുന്നത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com