ആകാശാതിർത്തി ലംഘിച്ചെത്തിയ പാക് പോർ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ മിഗ് തകർന്ന് പാകിസ്ഥാന്റെ പിടിയിലകപ്പെട്ട വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ മോചിതനായി വെള്ളിയാഴ്ച രാത്രി ഇന്ത്യൻ മണ്ണിൽ മടങ്ങിയെത്തിയത് രാജ്യമാസകലം അടക്കാനാവാത്ത ആവേശത്തോടും ആഹ്ളാദത്തോടും കൂടിയാണ് ആഘോഷിച്ചത്. മോചന മുഹൂർത്തം പാകിസ്ഥാൻ മൂന്നുവട്ടം മാറ്റിക്കുറിച്ചെങ്കിലും വാഗാ അതിർത്തിക്കടുത്ത് ഈ അഭിമാന നിമിഷത്തിന് സാക്ഷികളാകാൻ ആയിരങ്ങളാണ് മണിക്കൂറുകൾ ക്ഷമയോടെ കാത്തുനിന്നത്. രണ്ടരദിവസം പാക് കസ്റ്റഡിയിൽ കഴിയേണ്ടിവന്നെങ്കിലും തെല്ലും തലകുനിക്കാതെ രാജ്യത്തിന്റെ അന്തസും അഭിമാനവും വാനോളം ഉയർത്തിപ്പിടിച്ചാണ് ഈ വീരയോദ്ധാവ് തിരികെ എത്തിയിരിക്കുന്നത്. ഇന്ത്യയും ലോകരാജ്യങ്ങൾക്കിടയിലെ വിവേകമതികളും ഉയർത്തിയ സമ്മർദ്ദങ്ങൾക്കു മുന്നിൽ തലകുമ്പിട്ടു വഴങ്ങേണ്ടി വന്നതിനാലാണ് കൂടുതൽ തറവേലകൾക്കു മുതിരാതെ അഭിനന്ദനെ നിരപായം മോചിപ്പിക്കാൻ പാക് ഭരണകൂടം തയ്യാറായത്. ഈ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച ശാഠ്യപൂർവമായ നിലപാടും നിശ്ചയദാർഢ്യവും എക്കാലവും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. നയതന്ത്രരംഗത്തും രാജ്യത്തിന് ഏറെ അഭിമാനകരമായ വിജയം സമ്മാനിച്ച മുഹൂർത്തമാണിത്.
തടവുകാരനായി പിടികൂടിയ വർദ്ധമാനെ വേഗം വിട്ടയയ്ക്കാൻ പാകിസ്ഥാൻ നിർബന്ധിതരായെങ്കിലും അതിർത്തിയിലെ സംഘർഷ സ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. വർദ്ധമാനെ മോചിപ്പിക്കാനുള്ള നടപടികൾ ഒരുഭാഗത്തു നടക്കുമ്പോൾത്തന്നെ കാശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം വെടിനിറുത്തൽ കരാർ ലംഘിച്ചുകൊണ്ട് പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. പൂഞ്ച്, രജൗറി മേഖലകളിൽ വ്യാഴാഴ്ച രാത്രിയിലുടനീളം ആക്രമണം തുടർന്നു. ജനവാസ മേഖലയിൽ ഷെൽ പതിച്ച് സിവിലിയന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച വെളുപ്പിനു പൂഞ്ചിൽ നടന്ന ഷെല്ലാക്രമണത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയായ മാതാവും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ജനവാസ മേഖലകളെയും പാക് സേന ഒഴിവാക്കുന്നില്ലെന്നതിന്റെ തെളിവാണിത്. അതിർത്തിയിൽ സമാധാന നിലയാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പറയുമ്പോഴും പ്രവൃത്തി അതിനു നേർ വിപരീതമാണെന്ന് ബോദ്ധ്യമാക്കുന്നതാണ് അതിർത്തിയിലെ സംഭവങ്ങൾ. അതിർത്തിയിൽ മാത്രമല്ല കാശ്മീരിലും ഭീകരരെ ഇറക്കി അക്രമങ്ങൾ നടത്തി സ്വൈര ജീവിതം തകർക്കുന്ന പ്രവർത്തന ശൈലിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച കുപ്വാരയിൽ സൈന്യവുമായി ഭീകര പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. നാല് സേനാംഗങ്ങളാണ് ഇതിൽ കൊല്ലപ്പെട്ടത്. ഭീകര ഗ്രൂപ്പിന്റെ പ്രേരണയിൽ സൈന്യത്തെ ആക്രമിക്കുന്ന തദ്ദേശവാസികളുമുണ്ട്.
ജമ്മു കാശ്മീരിലും അതിർത്തിയിലും സമാധാനം കൈവരാൻ ഭീകരവാദികൾക്ക് നൽകിവരുന്ന സാമ്പത്തിക - സൈനിക സഹായങ്ങൾ പൂർണമായും നിറുത്താൻ പാകിസ്ഥാൻ തയ്യാറാകണം. ഒരുവശത്ത് സമാധാനത്തിനു വേണ്ടി വാദിക്കുകയും മറുഭാഗത്ത് ഒളിഞ്ഞും തെളിഞ്ഞും ഭീകരഗ്രൂപ്പുകൾക്ക് സകലവിധ സഹായവും നൽകുകയും ചെയ്യുന്ന ഇപ്പോഴത്തെ പാക് സമീപനത്തിലെ പൊള്ളത്തരം ലോക രാഷ്ട്രങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ സംഘർഷത്തിൽ പാകിസ്ഥാൻ ഏതാണ്ട് പൂർണമായും ഒറ്റപ്പെടാനുണ്ടായ പ്രധാന കാരണവും ഇതാണ്. യു.എ.ഇയിലെ ഇസ്ളാമിക ഉച്ചകോടിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ഇതാദ്യമായി ഈ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചതു തന്നെ വലിയ അംഗീകാരമായി വേണം കരുതാൻ. അൻപത്തേഴു മുസ്ളിം രാജ്യങ്ങൾ അംഗങ്ങളായ ഒ.ഐ.സിയിൽ പങ്കെടുത്ത വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് ഭീകരവാദത്തോടുള്ള പാകിസ്ഥാന്റെ ചായ്വും ഭീകരഗ്രൂപ്പുകൾക്ക് അവർ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയും സഹായവും തുറന്നുകാണിക്കാനായി. പാകിസ്ഥാന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചത്. അതിർത്തിയിൽ സമാധാനം പുലരണമെങ്കിൽ ഭീകരരോടുള്ള സമീപനം പാടെ തിരുത്തിയെഴുതാൻ പാകിസ്ഥാൻ തയ്യാറായേ മതിയാവൂ എന്നാണ് സുഷമാസ്വരാജ് ഒ.ഐ.സി യോഗത്തിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. ഈ നിലപാടിനെ ആരും എതിർത്തില്ലെന്നത് ശ്രദ്ധേയമാണ്. നിത്യനിദാനച്ചെലവുകൾക്കുപോലും നന്നേ ഞെരുങ്ങുന്ന പാകിസ്ഥാന് ഇസ്ളാമിക രാജ്യങ്ങളുൾപ്പെടെയുള്ളവരുടെ സഹായം അനിവാര്യമാണ്. ഭീകരവാദത്തോടുള്ള ആഭിമുഖ്യത്തിന് നൽകേണ്ടിവരുന്നത് കനത്ത വില തന്നെയാകുമെന്ന് ഏറെ വൈകിയാണെങ്കിലും പാകിസ്ഥാൻ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. തടവുകാരനായി പിടികൂടിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കൂടുതൽ നാൾ വച്ചുകൊണ്ടിരിക്കാതെ മോചിപ്പിച്ചതിനു പിന്നിലും പാകിസ്ഥാനെ സാമ്പത്തികമായി ഏറെ സഹായിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കനത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നുവേണം കരുതാൻ. കാശ്മീരിലെ അശാന്തിക്കു പിന്നിൽ പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദമാണെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്.
എല്ലാ ഭീകര ഗ്രൂപ്പുകളുടെയും താവളം അതിർത്തിക്കപ്പുറമാണ്. പാക് സൈന്യമാണ് ഇവർക്ക് പരിശീലനവും ആയുധങ്ങളും നൽകി കാശ്മീരിലേക്ക് അയയ്ക്കുന്നതെന്നത് രഹസ്യമല്ല. പാകിസ്ഥാൻ മാത്രമല്ല, ഭീകരർക്ക് അഭയവും പിന്തുണയും സഹായവും നൽകുന്ന വേറെയും രാജ്യങ്ങളുണ്ട്. ഈ ഏർപ്പാട് അവസാനിപ്പിക്കാൻ ഏവരും തയ്യാറാകണം. പ്രത്യേകിച്ചും പാകിസ്ഥാൻ. ഭീകരവാദത്തെയും ഭീകരരെയും തള്ളിപ്പറയാൻ അവർ മുന്നോട്ടു വന്നാൽ മാത്രമേ സംഘർഷത്തിന് അയവ് വരികയുള്ളൂ. മുംബയ് ഭീകരാക്രമണം ഉൾപ്പെടെ നിരവധി വിധ്വംസക പ്രവൃത്തികൾക്ക് ഇന്ത്യ തേടുന്ന ജയ്ഷെ മുഹമ്മദ് ഭീകര ഗ്രൂപ്പ് നേതാവ് മസൂദ് അസർ പാകിസ്ഥാന്റെ പൂർണ സംരക്ഷണത്തിലാണിപ്പോൾ. ഇയാളെപ്പറ്റി തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നവർ ഇപ്പോൾ അക്കാര്യം തുറന്നു സമ്മതിച്ചതു തന്നെ ലോക ഗതി മനസിലാക്കിയാകണം. മസൂദ് അസറിനെ ഇന്ത്യയ്ക്ക് വിട്ടുനൽകുകയോ പാകിസ്ഥാൻ തന്നെ വിചാരണയ്ക്ക് വിധേയനാക്കുകയോ ചെയ്യണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പുൽവാമയിൽ 40 സി.ആർ.പി ഭടന്മാരുടെ കൂട്ടമരണത്തിനിടയാക്കിയ ചാവേറാക്രമണത്തിനു പിന്നിലും മസൂദിന്റെ ജയ്ഷെ മുഹമ്മദ് സംഘടനയാണ്. ഇത്തരത്തിലൊരു കൊടും ഭീകരനെ വർഷങ്ങളായി സംരക്ഷിക്കുകയും കാശ്മീരിലുള്ള സകല ഭീകര ഗ്രൂപ്പുകളുടെയും തലതൊട്ടപ്പന്മാരായിരിക്കുകയും ചെയ്യുന്ന പാകിസ്ഥാന് ഇനിയുമെത്ര കാലം ഈ നിലയിൽ തുടരാനാവും എന്നതാണ് ചോദ്യം.