pipe

കിളിമാനൂർ: വേനൽ ആരംഭിക്കും മുൻപേ കുടിവെള്ള ക്ഷാമം നേരിടുന്ന കിളിമാനൂരിലെ ജനങ്ങളെ വെല്ലുവിളിച്ച് വാട്ടർ അതോറിട്ടി നിസംഗത തുടരുന്നു.വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ പൊട്ടി കിളിമാനൂരിലും പ്രാന്തപ്രദേശങ്ങളിലും കുടിവെള്ളം പാഴാകുകയാണ്.എന്നാൽ വരാനിരിക്കുന്ന ജലക്ഷാമം മുന്നിൽ കണ്ടെങ്കിലും ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലായെന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. മിക്ക സ്ഥലങ്ങളിലും റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് പൈപ്പുകൾ പൊട്ടുന്നത്.എന്നാൽ പൊട്ടിയ പൈപ്പുകൾക്ക് മേൽ മണ്ണിട്ടുമൂടി സ്ഥലം വിടുന്ന രീതിയാണ് അധികൃതർ പിന്തുടരുന്നത്. തുണ്ടിൽക്കടയിൽ വണ്ടന്നൂർ റോഡിൽ മഠത്തിൽ കുന്നിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.

ഇവിടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പ്രതിദിനം ഒഴുകിപ്പോകുന്നത്.കഴിഞ്ഞ മൂന്ന് മാസമായി ഇതാണ് അവസ്ഥ.

പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. സ്ഥലവാസികൾ കിലോമീറ്ററുകൾക്കപ്പുറത്തു നിന്ന് ചുമട്ട് വെള്ളം കൊണ്ടുവന്നാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഈ സാഹര്യത്തിൽ കുടിവെള്ള കച്ചവട ലോബിയും സജീവമായിട്ടുണ്ട്. പത്തിരട്ടി ലാഭത്തിലാണ് ഇവർ വെള്ളം കച്ചവടം ചെയ്യുന്നത്. അടിയന്തരമായി പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കുടിവെള്ളം പൊട്ടിയൊഴുകുന്നു

പുതിയകാവ് - ആർ.ആർ.വി.ജംഗ്ഷൻ റോഡിൽ ഗുരു നയ്യപ്പൻ കാവിന് സമീപം ഒന്നര മാസമായി പൈപ്പ് പൊട്ടി റോഡരികിൽ കുളം രൂപപ്പെട്ടു.പുതിയകാവ് തകരപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടയിൽ റോഡ് പണിക്കാർ ടിപ്പർ ലോറിയിൽ മണ്ണെത്തിച്ച് കുളം മൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പംമ്പിംഗ് നടക്കുന്ന സമയത്ത് പൊട്ടിയ പൈപ്പിലൂടെ ഫൗണ്ടൻ പോലെയാണ് വെള്ളം ഉയർന്നു പൊങ്ങുന്നത്.

വീടിന് മുന്നിലെ പൈപ്പ് ലൈൻ പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. അധികൃതരെ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ല. റോഡ് നവീകരണത്തിനിടെയാണ് പൈപ്പ് പൊട്ടുന്നത്. അതിനാൽ ആ സമയങ്ങളിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ കൂടെയുള്ളത് ആവശ്യമാണ്.

വാസുദേവൻ പിള്ള, മുൻ പഞ്ചായത്ത് സെക്രട്ടറി