taxi

തിരുവനന്തപുരം: സർക്കാരിന്റെ ലൈസൻസില്ലാതെ ബൈക്ക് ടാക്സി സർവീസിറങ്ങിയവരെ മോട്ടോർ വാഹന വകുപ്പ് പൂട്ടി. ഇന്നലെ തലസ്ഥാനത്ത് സർവീസു തുടങ്ങി എല്ലാ നഗരങ്ങളിലും വ്യാപിപ്പിക്കുന്ന പദ്ധതിയുമായി എത്തിയ റാപ്പിഡോ ബൈക്ക് ടാക്സിയെയാണ് വിലക്കിയത്.

ആഘോഷത്തോടെയുള്ള ഉദ്ഘാടന ചടങ്ങാണ് ഇവർ പ്ളാൻ ചെയ്തിരുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയെ ഉദിഘാടകനായും നിശ്ചയിച്ചു. എന്നാൽ മോട്ടോർ വാഹന വകുപ്പ് വിവരം അറിയിച്ചതോടെ വി. ശശി ചടങ്ങിൽ നിന്നു പിന്മാറി. അനുവാദമില്ലാത ചെറുപ്പക്കാരെ സംഘടിപ്പിച്ച് ബൈക്ക് ടാക്സി സർവീസിന് തയ്യാറായ റാപ്പിഡോ കമ്പനിക്കെതിരെ നിയമ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

ബൈക്ക് ടാക്സി സർവീസിന് റാപ്പിഡോ ഗതാഗതവകുപ്പിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുവാദത്തിനു കാക്കാതെ, അപേക്ഷയുടെ മറവിൽ സർവീസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കിലോമീറ്റർ നിരക്കുകൾ വരെ ഇവർ സ്വയം നിശ്ചയിച്ചു.

ഓൺലൈൻ ടാക്‌സികൾ പോലെ മൊബൈൽ ആപ്ലിക്കേഷനുമായാണ് റാപ്പിഡോയും എത്തിയത്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം കയറുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകി ആപ്പിൽ കാണിക്കുന്ന നിരക്ക് നൽകുന്ന രീതി. നഗരങ്ങളിൽ യൂബർ ഈറ്റ്സ് ചെറുപ്പുക്കാരെ ആകർഷിച്ചതിന്റെ ചുവടു പിടിച്ചാണ് റാപ്പിഡോയും എത്തിയത്.

പലയിടത്തും അനധികൃതം, നടപടി

രാജ്യത്തെ ചില നഗരങ്ങളിൽ ബൈക്ക് ടാക്സികളുണ്ട്. പലയിടത്തും അനധികൃതമാണത്. ബംഗളൂരുവിലും മൈസൂരുവിലും ആപ്പിന്റെ സഹായത്തോടെ ബൈക്ക് ടാക്സി സർവീസ് നടത്തുന്നവരെ പൊലീസ് ഓടിച്ചിട്ടു പിടിക്കുകയാണ്. ആയിരത്തോളം ബൈക്കുകൾ കസ്റ്റഡിയിലായിക്കഴിഞ്ഞു. അനുവാദമില്ലാതെ ബൈക്ക് ടാക്സി നടത്തിയവർക്കെതിരെ ചെന്നൈയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി.