തിരുവനന്തപുരം: കരമന നെടുങ്കാട് വാർഡിലെ ഡ്രെയിനേജ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് നഗരസഭ വർക്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലതയുടെ നേതൃത്വത്തിൽ പാറ്റൂർ വാട്ടർ അതോറിട്ടി എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. നെടുങ്കാട് വാർഡിലെ എലങ്കം - ചിറയടി വരെയുള്ള ഡ‌്രെയിനേജ് നിർമ്മാണത്തിനായി 2017ൽ 45 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്നുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ആരുംതന്നെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതേതുടർന്ന് റീടെൻഡർ ചെയ്ത് കരാർ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. രണ്ട് തവണ റീടെൻഡർ ചെയ്യുകയും 14 തവണ അത് നീട്ടുകയുമായിരുന്നു. മൂന്ന് മാസത്തിനു മുമ്പ് പുഷ്പലത, എക്സിക്യുട്ടീവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തിനുള്ളിൽ പണി ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് കൗൺസിലർ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ തങ്ങൾ ഓഫീസിൽ ഇരിക്കുമെന്നും കൗൺസിലർമാർ നിലപാടെടുത്തു. തുടർന്ന്, എക്സിക്യുട്ടീവ് എൻജിനിയറോടും സൂപ്രണ്ടിംഗ് എൻജിനിയറോടും ഫോണിലൂടെ ചർച്ച നടത്തിയ ശേഷം സ്ഥലത്തെ മാൻഹോളിന്റെ പണി 5ന് തുടങ്ങാൻ ധാരണയായി. ടെൻഡർ ക്ലോസ് ചെയ്യുന്ന 11നകം കരാറുകാരനോട് തുക ക്വാട്ട് ചെയ്യാനും ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചു. ഇതോടെയാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചത്. ചെയർമാൻ പാളയം രാജൻ, കൗൺസിലർ കാഞ്ഞിരംപാറ രവി തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.