trivandrum-pressclb

തിരുവനന്തപുരം: പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് കനകോത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ മീഡിയ, നേച്ചർ എക്സിബിഷൻ ഏപ്രിൽ 5 മുതൽ 15 വരെ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ നടക്കും. മാദ്ധ്യമ ചരിത്ര പ്രദർശനം, മാദ്ധ്യമരംഗത്തെ പ്രശസ്തരെ ആദരിക്കൽ, കലാവിരുന്നുകൾ എന്നിവ ഉണ്ടായിരിക്കും.

മെഴുകു പ്രതിമകളുടെ പ്രദർശനം, ആദിവാസി കാർഷികമേള, സർക്കാർ സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, മാദ്ധ്യമ സ്ഥാപനങ്ങളുടെ കലാപരിപാടികൾ, മെഡിക്കൽ എക്സ്പോ, സിസ്സയുടെ സഹകരണത്തോടെ ദേശീയ പക്ഷി-മൃഗ-മത്സ്യ പ്രദർശനം, മാമ്പഴ-ചക്ക-വാഴ മഹോത്സവം തുടങ്ങിയവയും ഉണ്ടാകും. ബാലഭാസ്കറിന് ആദരമായി എല്ലാ ദിവസവും വൈകിട്ട് ബാൻഡ് മത്സരം, ചിത്രരചനാ മത്സരം, പാചക മത്സരം എന്നിവയും ഒരുങ്ങുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി 8.30വരെ നടക്കുന്ന പ്രദർശനത്തിൽ പാസ് മുഖേനയാണ് പ്രവേശനം. തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി രക്ഷാധികാരിയായ മേയർ വി.കെ.പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജി.പ്രമോദ്, സെക്രട്ടറി എം.രാധാകൃഷ്ണൻ, ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഋഷി കെ.മനോജ്, സിസ്സ ജനറൽ സെക്രട്ടറി ഡോ. സി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം

പ്രശസ്ത ഫോട്ടോഗ്രാഫർമാരായിരുന്ന എസ്.എസ്. റാം, എസ്. ഹരിശങ്കർ എന്നിവരുടെ സ്മരണാർത്ഥം ഫോട്ടോഗ്രഫി അവാർഡും സംഘടിപ്പിച്ചിട്ടുണ്ട്. 2018 ജനുവരി 1നും ഡിസംബർ 31 നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച ചിത്രമാണ് പരിഗണിക്കുക. ഒരാൾക്ക് മൂന്ന് ചിത്രങ്ങൾ അയയ്ക്കാം. അപേക്ഷാഫാറം keralapressclub.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ ക്യാപ്ഷൻ, പത്ര സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം pressphotocontest@gmail.com ലേക്ക് എൻട്രികൾ അയയ്‌ക്കണം. 1 ലക്ഷം രൂപയാണ് സമ്മാനത്തുക. ഈ മാസം 20വരെ എൻട്രികൾ സമർപ്പിക്കാം.